Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദി രാജ്യത്തിന്‍റെ സംസ്കാരം തകർക്കാൻ കൂട്ടുനിന്നു: മോദിക്ക് പിണറായിയുടെ മറുപടി

ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവർക്ക് സംഘപരിവാര്‍ എങ്ങനെയെല്ലാം സംരക്ഷണം കൊടുത്തെന്ന് രാജ്യത്തിനറിയാം. ഭക്ഷണത്തിന്‍റെ പേരിലും പശുവിന്‍റെ പേരിലും സംഘപരിവാർ മനുഷ്യരെ കൊന്നു.

CM Pinarayi Vijayan criticize PM Narendra Modi
Author
Thiruvananthapuram, First Published Jan 28, 2019, 7:25 PM IST

തിരുവനന്തപുരം:  രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുസർക്കാർ കേരളത്തിന്‍റെ സംസ്കാരം  തകർക്കുന്നുവെന്ന് കഴി‌ഞ്ഞ ദിവസം പ്രധാനമന്ത്രി വിമർശിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വംശീയ കൊലപാതകങ്ങളും ഇറച്ചിക്കൊലകളും ചൂണ്ടിക്കാട്ടിയായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി.

റംസാൻ നോമ്പുതുറയ്ക്കായി വീട്ടിലേക്ക് ട്രയിനിൽ പോയ സഹോദരങ്ങളെ, ഒരു കൂട്ടം ആളുകൾ വേഷത്തിൽ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ചതടക്കം നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളിൽ ഏറ്റവും ഇളയവനെ കൊന്ന് ട്രയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവർക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാർ സംരക്ഷിച്ചുവെന്ന് രാജ്യത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണത്തിന്‍റെ പേരിലും പശുവിന്‍റെ പേരിലും മനുഷ്യരെ കൊന്നു. ഈ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്‍റെ സംസ്കാരം തകർക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാർ ശ്രമങ്ങൾ കേരളത്തിൽ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമർശനത്തിന് കാരണമെന്ന് പിണറായി പറഞ്ഞു. 

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടി പറഞ്ഞത്. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോയെന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios