Asianet News MalayalamAsianet News Malayalam

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കും, ശബരിമലയെ തിരിച്ചു നടത്താന്‍ ശ്രമം: മുഖ്യമന്ത്രി

നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ചുനിൽക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Cm pinarayi vijayan on sabarimala issue
Author
Kerala, First Published Nov 21, 2018, 3:16 PM IST

തിരുവനന്തപുരം: നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകളും ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ചുനിൽക്കണമെന്നും ഇതിനായി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് മുൻകൈയെടുക്കാൻ സർക്കാർ തയാറാണ്. നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമലയുടെ പേരിൽ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തെ അപമാനിക്കലാണ്. ഇതിനെതിരെ ജാഗ്രത പാലിക്കണം. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ പൊതുവെ നല്ല നിലപാടാണ് സ്വീകരിച്ചത്. ശബരിമല പ്രശ്‌നത്തിൽ അവിടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് മാധ്യമപ്രവർത്തകരാണ്. 

അതിഭീകരമായ ആക്രമണമാണ് ഉണ്ടായത്. കേരളത്തെ പുറകോട്ട് കൊണ്ടുപോവാനുള്ള നീക്കത്തെ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. പല വാർത്തകളിലെയും വിന്യാസരീതി നാടിനെ പുറകോട്ടുവലിക്കുന്നവർക്ക് ഉത്തേജനം പകരുന്നതാണ്. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുന്ന സമീപനമാണ് മാധ്യമങ്ങളിൽ നിന്നുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയകാല സമ്പ്രദായങ്ങൾ പലതും ഏറെ ഹീനമായിരുന്നു. അതിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചവരുണ്ട്. മുലക്കരം പിരിക്കാൻ വന്നവർക്കുനേരെ മുലകൾ അറുത്തുമാറ്റി ചോരവാർന്നു മരിച്ചു നങ്ങേലിയെപ്പോലുള്ളവർ. ആറാട്ടുപുഴ വേലായുധപ്പണിക്കരെപ്പോലുള്ളവർ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന് ചരിത്രകാരന്മാർ പറയണം. 

ക്ഷേത്രപ്രവേശനവിളംബരം നവോത്ഥാനകാലത്തിന്റെ ഭാഗമായി വന്ന വിളംബരമാണ്. അതിനെതിരായി വലിയതോതിൽ യാഥാസ്ഥിതികർ അണിനിരന്നു. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കു മുമ്പുതന്നെ അദ്ദേഹം പ്രതിഷ്ഠ നടത്തിയിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര വെറും യാത്രയായിരുന്നില്ല. കോട്ട് ധരിച്ചും മറ്റും വേഷഭൂഷാദികളിലും അദ്ദേഹം വിപ്ലവകരമായ മാറ്റം വരുത്തി. എല്ലാകാലത്തും മാറ്റങ്ങൾക്കെതിരെ എതിർപ്പുണ്ടായിരുന്നു. 

ചോദ്യം ചെയ്യാൻ ആളുകളുണ്ടായിരുന്നു. പക്ഷെ സമൂഹത്തിന്റെ നിലപാടാണ് പ്രധാനം. നവോത്ഥാനത്തിന്റെ ഭാഗമായി കെ കേളപ്പൻ, മന്നത്ത് പദ്മനാഭൻ തുടങ്ങിയവർ കാട്ടിയ മാതൃക ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. പാഠപുസ്തകങ്ങൾ നവോത്ഥാന നായകർക്ക് അർഹമായ പ്രാധാന്യം നൽകി പരിഷ്കരിക്കുന്ന കാര്യവും സർക്കാർ പരിശോധിക്കും.

ചരിത്രകാരൻ ഡോ. എംആർ രാഘവവാര്യർ, ചരിത്രകാരനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. രാജൻഗുരുക്കൾ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, എഴുത്തുകാരായ എസ്.ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ഡോ.ഖദീജ മുംതാസ്, റോസി തമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവംബർ 25ന് രാത്രി 7.30 മുതൽ വിവിധ ചാനലുകളിൽ പരിപാടി പ്രക്ഷേപണം ചെയ്യും.

Follow Us:
Download App:
  • android
  • ios