Asianet News MalayalamAsianet News Malayalam

രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി;മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

cm press meet
Author
First Published Dec 6, 2017, 12:40 PM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു. അസാധാരണവും മുന്‍പൊരിക്കല്ലും ഉണ്ടാവാത്തതുമായ ഒരു ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. എന്നാല്‍ അത്ര തന്നെ അസാധാരണമായ രക്ഷാപ്രവര്‍ത്തനമാണ് തുടര്‍ന്ന് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍...

ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല എന്ന് പറയാം. ഇതിന് പ്രതിരോധസേനകളോട് സര്‍ക്കാര്‍ നന്ദി പറയുന്നു. കടലില്‍ ആ സമയമുണ്ടായിരുന്ന മര്‍ച്ചന്റ് ഷിപ്പുകളും മത്സ്യബന്ധനബോട്ടുകളും അവര്‍ക്കാവുന്നത് ചെയ്തു. 

കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തില്‍ വരികയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതില്‍ സര്‍ക്കാരിനുള്ള കൃതജ്ഞത അറിയിക്കുന്നു. കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. 

മാധ്യമങ്ങള്‍ പൊതുവില്‍ ഈ പ്രവര്‍ത്തനങ്ങളോടൊപ്പം നിന്നിട്ടുണ്ടെങ്കിലും ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി കേരത്തിന്റെ പൊതുവികാരത്തോടൊപ്പമായിരുന്നോ എന്നൊരു ആത്മപരിശോധന നടത്തുന്നത് ഭാവിയില്‍ അവര്‍ക്ക് തന്നെ തുണയായിരിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മലയാളികള്‍ക്കൊപ്പം തന്നെ തമിഴ്‌നാട് സ്വദേശികളേയും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നാട്ടിലെത്തിച്ചിരുന്നു. തമിഴ് നാട്ടിലെ മാധ്യമങ്ങള്‍ ഇത് പോസിറ്റീവായി കണ്ട് കേരള സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു. 

നഷ്ടപരിഹാരപാക്കേജിലെ നിര്‍ദേശങ്ങള്‍ കാലതാമസം കൂടാതെ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.കടലോര ജനത നേരിടുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നു... രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാവരേയും സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. 


നഷ്ടപരിഹാരപാക്കേജിലെ മറ്റു പ്രഖ്യാപനങ്ങള്‍ 

ഇപ്പോള്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും ശേഷവും ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതിവരുത്തി അവര്‍ക്ക് അടിയന്തസഹായം കൊടുക്കുവാന്‍ റവന്യു,അഭ്യന്തര വകുപ്പുകളിലെ സെക്രട്ടറിമാരേയും പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരേയും ചേര്‍ത്ത് പ്രത്യേക സമിതി രൂപീകരിക്കും. 

ഭാവിയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ രജിസ്റ്റര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഒരുക്കുകയും വേണം. ഇതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ വഴി കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശങ്ങളും നിര്‍ദേശങ്ങളും അയക്കാനും കൈമാറാനും സംവിധാനം കൊണ്ടുവരും. ഇതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

ദുരന്തനിവാരണസമിതി പുനസംഘടിപ്പിക്കാനും സംസ്ഥാനതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും എറണാകുളത്തും സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതില്‍ ഫിഷറീസ്, പോലീസ്, കേന്ദ്രസേനകള്‍, ഫയര്‍ഫോഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടാവും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കൊണ്ടു വരിക. 

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തീരസംരക്ഷണ പോലീസ് സേനയെ ഉടച്ചു വാര്‍ക്കും. ഇതിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും കടലില്‍ വച്ചു മരണപ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്കും മുന്‍ഗണന നല്‍കും. ആധുനിക ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. അതോടൊപ്പം വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാന്നി, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളോട് ചേര്‍ന്ന് തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും. 


 

Follow Us:
Download App:
  • android
  • ios