Asianet News MalayalamAsianet News Malayalam

ശബരിമല യുവതി പ്രവേശനം: കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ യാത്രകളുമായി ബിജെപിയും കോൺഗ്രസും. പി.എസ്. ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍റെ വിശ്വാസ രക്ഷണയാത്ര പെർ‍ളയിൽ നിന്ന് തുടങ്ങും.
 

Congress and BJP start political campaigns on Sabarimala
Author
Kasaragod, First Published Nov 8, 2018, 6:51 AM IST

കാസർഗോഡ്: ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കോൺഗ്രസും എൻഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകൾക്ക് ഇന്ന് തുടക്കമാകും.  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ളയും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുമാണ് കാസർഗോഡ് നിന്നും ഇന്ന് പര്യടനം ആരംഭിക്കുന്നത്. 

പി.എസ്.ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര രാവിലെ പത്തിനു മധൂർ ക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങും. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയാണ് ഉദ്ഘാടകൻ.  യാത്ര 13 ന് പന്തളത്ത് സമാപിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിയി നാല് പദയാത്രകളും മലബാറിൽ വാഹന പ്രചാരണ യാത്രയുമാണ് കെപിസിസി യുടെ നേതൃത്വത്തിൽ നടക്കുന്നത്.  കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര മ‍ഞ്ചേശ്വരം പെർളയിൽ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് മൂന്നുമണിക്കു കെപിസിസി മുൻ പ്രസിഡന്‍റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. 14 ന് മലപ്പുറം ചമ്രവട്ടത്ത് യാത്ര സമാപിക്കും.

വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. ഇടതു സർക്കാരിന്‍റേത് ശബരിമല ക്ഷേത്രം തകർക്കാനുള്ള ഗൂഢാലോചനയാണെന്നരോപിച്ചാണ് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള രഥയാത്ര. മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല സ്ത്രീ പ്രവേശനം മുൻ നിർത്തി വൻ രാഷ്ട്രീയ പ്രചാരണമാണ് ഇരു പാർട്ടികളും ലക്ഷ്യമിടുന്നത്. പൊലീസ് മുൻ കരുതലും ശക്തമാക്കിയിട്ടുണ്ട്.


 

Follow Us:
Download App:
  • android
  • ios