Asianet News MalayalamAsianet News Malayalam

സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കി

Congress Overrides Obamas Veto On Sept 11 Lawsuit Bill
Author
Washington, First Published Sep 29, 2016, 5:10 AM IST

വാഷിംഗ്ടണ്‍: സെപ്റ്റംബർ 11  ഭീകരാക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സൗദി അറേബ്യ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടിയുള്ള ബിൽ യുഎസ് കോണ്‍ഗ്രസ് പാസാക്കി. നേരത്തെ യുഎസ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസ്സിൽ ബിൽ പാസ്സായതോടെ ഒബാമയുടെ നടപടി അസാധുവായി.

യുഎസ് പ്രസിഡന്‍ഷ്യൽ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് ഒബാമ ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി സെപ്റ്റംബർ 11 ബിൽ നിയമമാകുന്നത്. സെപ്റ്റ് 11 ഭീകരാക്രമണത്തിലെ ഇരകൾക്ക് സൗദി അറേബ്യ നഷ്ടപരിഹാരം നൽകണമെന്ന ബിൽ സൗദി-യുഎസ് ബന്ധം മാനിച്ച് എതിർത്ത ഒബാമയെ യുഎസ് കോണ്‍ഗ്രസ് പിന്തുണച്ചില്ല. യുഎസ് കോണ്‍ഗ്രസ്സിൽ നടന്ന വോട്ടെടുപ്പിൽ സെനറ്റും ഹൗസ് ഓഫ് റെപ്രസെന്‍റേറ്റിവ്സും 'Justice against sponsors of teerorrism act' നെ  പിന്തുണച്ചു.

വലിയ ഭൂരിപക്ഷമാണ് ഇരു സഭകളിലും നഷ്ടപരിഹാര ബില്ലിനെ അനുകൂലിച്ച് ലഭിച്ചത്.മറ്റു രാജ്യങ്ങളിൽ സേവനം അനുഷ്ടിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും ഈ ബിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഒബാമ എതിർക്കുന്നതെന്ന് വൈറ്റ് ഹൗസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 23ന് നഷ്ടപരിഹാര ബിൽ വീറ്റോ ചെയ്തതായി പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയെ ഈ തീരുമാനം ദോഷകരമായി ബാധിക്കും എന്നു വിലയിരുത്തപ്പെട്ടു.

പുതിയ സംഭവവികാസങ്ങളിൽ ഒബാമ നിരാശ പരസ്യമാക്കി.യുഎസ് കോണ്‍ഗ്രസ്സിന് തെറ്റ് പറ്റിയെന്നായിരുന്നു ഒബാമയുടെ പ്രതികരണം.സൗദി നിഷേധിക്കുന്നുണ്ടെങ്കിലും സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ ഭാഗമായ 19 പേരിൽ 15 പേരും സൗദി അറേബ്യക്കാരാണെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.ബില്ലിനെ എതിർത്ത് നടന്ന പല പ്രചാരണങ്ങൾക്കും സൗദി സാമ്പത്തിക സഹായം നൽകിയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.

 

Follow Us:
Download App:
  • android
  • ios