Asianet News MalayalamAsianet News Malayalam

കാസര്‍കോട് സന്ദർശനത്തിനെത്തിയ സിപിഎം സംഘത്തെ നേരിട്ട് സ്ത്രീകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ

സംഘം മുഖ്യപ്രതി പീതാംബരന്റെ വീടിലെത്തി. ഈവീട് പൂർണ്ണമായും കോൺഗ്രസുകാർ തകർത്തിരുന്നു. പീതാബരന്റെ ഭാര്യയും മക്കളും അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണുള്ളത്. 

congress workers including women protest against cpm group who visited periya in kasargod
Author
Kasaragod, First Published Feb 23, 2019, 4:45 PM IST

കാസർകോട്:  കാസർകോട് ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘർ‍ഷമുണ്ടായ പെരിയയിലും കല്യോട്ടും , സന്ദർശനത്തിനെത്തിയ സിപിഎം സംഘത്തിന് നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം. പി കരുണാകരൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കല്യോട്ട്, തടഞ്ഞത്. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ മുഖ്യപ്രതി പീതാംബരന്റെ വീടടക്കം സന്ദർശിച്ചാണ് സംഘം മടങ്ങിയത്. രാവിലെ ഒൻപതരയോടെ സിപിഎം സംഘം കല്യോട്ട് കവലയിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. യുവാക്കളും സ്ത്രീകളും സിപിഎംസംഘത്തോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ബഹളം വച്ചു.

നേതാക്കൾക്ക് നേരെ പാ‌ഞ്ഞടുത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞുനിർത്തി. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേതാക്കള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. പ്രതിഷേധം വകവയ്ക്കാതെ പൊലീസ് കാവലിൽ എംപി കരുണാകരനും പാർട്ടി സംസ്ഥാന സമിതി അംഗം കെപി സതീഷ് ചന്ദ്രനും എംഎഎ കെ.കുഞ്ഞിരാമനും മുന്നോട്ട് പോയി. ആദ്യം പാർട്ടി അനുഭാവിയുടെ വീട്ടിലേക്ക് കയറി. അവിടെനിന്നും കേസിൽ ആരോപണം നേരിടുന്ന ശാസ്ത ഗംഗാധരന്റെ വീട്ടിലേക്ക് പോയി. കൊല്ലപ്പെട്ട കൃപേഷിന്റെ വീടും ഇരുവരെയും സംസ്കരിച്ച സ്ഥലവും കടന്നാണ് ഇവിടെയെത്തിയത്. ഈ വീട് കോൺഗ്രസുകാർ അഗ്നിക്കിരക്കായിയിരുന്നു. അവിടെനിന്നും തിരിച്ച് കല്യോട് കവലയിലെത്തിയപ്പോൾ വീണ്ടും സ്ത്രീകളടക്കമുള്ള കനത്ത പ്രതിഷേധമാണ് സംഘത്തിന് നേരെയുണ്ടായത്.

പിന്നീട് സംഘം മുഖ്യപ്രതി പീതാംബരന്റെ വീടിലെത്തി. ഈവീട് പൂർണ്ണമായും കോൺഗ്രസുകാർ തകർത്തിരുന്നു. പീതാബരന്റെ ഭാര്യയും മക്കളും അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണുള്ളത്. മുഖ്യപ്രതിയുടെ വീട് സന്ദർശിച്ചതിൽ അപാകതയില്ലെന്ന് എംപി. പിരുണാകരൻ പറഞ്ഞു. സിപിഎം സംഘത്തിന് നേരെ ചാണകവെള്ളം തളിക്കാനടക്കം കോൺഗ്രസുകാർ ശ്രമിച്ചെന്ന് എംപി ആരോപിച്ചു. പെരിയ കല്യോട് എച്ചലടുക്കം മേഖലയിലെ മിക്ക പാർട്ടി ഓഫീസുകളും നിരവധി വീടുകളും കോൺഗ്രസുകാർ തകർത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios