Asianet News MalayalamAsianet News Malayalam

'ശബരിമല ആദിവാസികള്‍ക്ക് തിരിച്ച് നല്‍കുക'; മുദ്രാവാക്യമുയര്‍ത്തി കണ്‍വന്‍ഷന്‍ ഇന്ന്

സംസ്കാരങ്ങളുടെ സഹവര്‍ത്തിത്വവും ലിംഗസമത്വവും നിലനില്‍ക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെടുന്നു

convention of dalit and adhivasis relating sabarimala issue
Author
Kottayam, First Published Oct 27, 2018, 9:00 AM IST

കോട്ടയം: ബ്രാഹ്മണ്യ കുത്തക അവസാനിപ്പിച്ച് ശബരിമല ആദിവാസികള്‍ക്ക് തിരിച്ച് നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആദിവാസി-ദളിത് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. കോട്ടയം തിരുനക്കരയിലുള്ള ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കണ്‍വന്‍ഷന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സംസ്കാരങ്ങളുടെ സഹവര്‍ത്തിത്വവും ലിംഗസമത്വവും നിലനില്‍ക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെടുന്നു.

പ്രാചീനകാലം മുതൽ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉൾപ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാർത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് തന്ത്രിസമൂഹവും സവർണ ജനങ്ങളും മറ്റ് അധികാര വർഗങ്ങളും മാറ്റി നിർത്തുകയായിരുന്നുവെന്ന് സംഘാടക സമിതി പറയുന്നു.

മാനവരാശിയുടെ പകുതിയായ സ്ത്രീകളെ അയിത്തം ആരോപിച്ച് മാറ്റി നിർത്തി. ആദിവാസി ദളിത് പിന്നോക്ക പാർശ്വവത്കൃത സമൂഹങ്ങളുടെമേൽ ജാതിമേൽക്കോയ്മയുള്ള സവർണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവർ ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ശബരിമലയിൽ ആദിവാസികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭ പരിപാടികൾ ആലോചിക്കുന്നതിന് വേണ്ടിയാണ് കണ്‍വന്‍ഷന് ചേരുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

Follow Us:
Download App:
  • android
  • ios