Asianet News MalayalamAsianet News Malayalam

ഷുക്കൂര്‍ വധത്തിലെ കുറ്റപത്രം; ബിജെപിയും കോൺഗ്രസും ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കം: കോടിയേരി

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത്‌ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ്‌ പി ജയരാജനേയും ടി വിരാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു

cpm secretary kodiyeri balakrishnan on ariyil shukoor cbi charge sheet
Author
Thiruvananthapuram, First Published Feb 11, 2019, 5:07 PM IST

തിരുവനന്തപുരം: പി ജയരാജനും ടി വി രാജേഷ്‌ എം എല്‍ എയ്‌ക്കുമെതിരെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി ബി ഐ നടപടി തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ബി ജെ പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത്‌ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയാണ്‌ പി ജയരാജനേയും ടി വിരാജേഷിനേയും കള്ളക്കേസില്‍ കുടുക്കി പ്രതികളാക്കിയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 2012 ല്‍ കണ്ണപുരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ 73 സാക്ഷി പട്ടികയടക്കം 33 പ്രതികള്‍ അടങ്ങുന്ന കുറ്റപത്രമാണ്‌ ലോക്കല്‍ പൊലീസ്‌ സമര്‍പ്പിച്ചത്‌. പിന്നീട്‌ ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട്‌ ഹര്‍ജിയെ തുടര്‍ന്നാണ്‌ സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവുണ്ടാകുന്നത്‌. ലോക്കല്‍ പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി.ജയരാജനും, ടി വി രാജേഷും ഗൂഢാലോചന നടത്തിയതായി ആക്ഷേപമില്ലെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ്‌ തള്ളിയതാണ്‌. പഴയ സാക്ഷി മൊഴികളെ തന്നെ അടിസ്ഥാനമാക്കിയാണ്‌ പുതിയ വകുപ്പ്‌ ചേര്‍ത്ത്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയൊരു തെളിവും പുറത്തുകൊണ്ടുവരാന്‍ സി ബി ഐ യ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത്‌ സി പി എമ്മിനെ വേട്ടയാടാന്‍ സി ബി ഐ യെ കരുവാക്കുന്നുവെന്നാണ്‌. ഈ രാഷ്ട്രീയ ഗൂഢാലോചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios