Asianet News MalayalamAsianet News Malayalam

ശബരിമല വിധി നടപ്പാക്കേണ്ടെന്ന് മോദി പറയട്ടെ, പൊന്‍ രാധാകൃഷ്ണന്‍ മോദിയുടെ മുന്നിലാണ് സമരം നടത്തേണ്ടത്, വലിയ തടിയും കൊണ്ട് അമിത് ഷാ വരണം; കോടിയേരി

ജനാധിപത്യ മഹിള അസോസിയേഷൻ 5000 പേരെ വച്ച് ദിവസവും തിരുമാനിച്ചാൽ സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്നാണോ കരുതുന്നതെന്നും കോടിയേരി ചോദിച്ചു

cpm secretary kodiyeri balakrishnan on pon radhakrishnan
Author
Thiruvananthapuram, First Published Nov 21, 2018, 8:29 PM IST

തിരുവനന്തപുരം; കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കള്‍ക്കും മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സുപ്രീം കോടതി വിധി നടപ്പാക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയട്ടെയെന്ന് പറഞ്ഞ കോടിയേരി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മോദിയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരമാണ് നടത്തേണ്ടതെന്നും ചൂണ്ടികാട്ടി.

ആ വലിയ തടിയും കൊണ്ട് അമിത് ഷാ ശബരിമലയില്‍ വരട്ടെ, മോദിയും വന്ന് ശബരിമല സുരക്ഷിതമെന്ന് മനസിലാക്കണം. ആ ദുര്‍മേദസൊന്ന് കുറയട്ടെയെന്നും കോടിയേരി പരിഹസിച്ചു. നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാൽ കേസെടുക്കേണ്ടി വരും. ശബരിമലയുടെ പേര് പറഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായും സിപിഎം സെക്രട്ടറി ആരോപിച്ചു.

സ്ത്രീകൾക്ക് അവകാശം വേണ്ടെന്ന നിലപാടുള്ള രാഷ്ട്രീയ പാർട്ടികൾ അത് പറയട്ടെ. മാറുമറയ്ക്കൽ സമരത്തിനെതിരെ സ്ത്രീകളെ തന്നെ ഒരു കാലത്ത് രംഗത്തിറക്കിയിരുന്നു. സതി നിരോധത്തിനെതിരെയും സ്ത്രീകളെ രംഗത്തിറക്കിയിട്ടുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു. എപ്പോഴൊക്കെ മാറ്റങ്ങൾക്കു ശ്രമിച്ചിട്ടുണ്ടോ അപ്പോഴല്ലാം പ്രക്ഷോഭമുണ്ടായിട്ടുണ്ടെന്നും കോടിയേരി ചൂണ്ടികാട്ടി. 

കലാപമുണ്ടാക്കാൻ ബിജെപിയും ആർ എസ് എസും ആൾക്കാരെ റിക്രൂട്ട് ചെയ്തിരിക്കുന്നു. 50,000 പേരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും കവചമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രീം കോടതി വിധി സ്വീകരിച്ച സി പി എം ഇതു വരെ സർക്കുലർ ഇറക്കിയിട്ടില്ല. ജനാധിപത്യ മഹിള അസോസിയേഷൻ 5000 പേരെ വച്ച് ദിവസവും തിരുമാനിച്ചാൽ സ്ത്രീകൾ ശബരിമലയിൽ കയറില്ലെന്നാണോ കരുതുന്നതെന്നും കോടിയേരി ചോദിച്ചു.

സി പി എം ഗുരുസ്വാമിമാരെ തീരുമാനിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഗുരുസ്വാമിമാരായി ആളുകളെ നിയമിച്ചിട്ടില്ല. പൊലീസിനെ ഇടിക്കാൻ വേണ്ടിയാണ് ഉരിച്ച തേങ്ങ സംഘപരിവാർ ഉപയോഗിക്കുന്നത്. നേരത്തെ കലാപമുണ്ടാക്കാൻ ശ്രമിച്ചത് കൊണ്ടാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ശ്രീധരൻ പിള്ളയെ സംവാദത്തിന് കോടിയേരി വീണ്ടും വെല്ലുവിളിച്ചു. തുറന്ന ആശയ സംവാദത്തിന് സിപിഎം തയ്യാറാണ്. തിരുവനന്തപുരത്ത് ഒരു വേദി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ക്ഷേത്രം  തർക്കാൻ ശ്രമിക്കുന്നുവെന്ന ദുഷ്പ്രചാരണം നടക്കുന്നു. പുന്നപ്ര വയലാർ സമര നായകൻ ചന്ദ്രാനന്ദൻ ദേവസ്വം അംഗമായിരിക്കുമ്പോഴാണ് കാടിലൂടെ ശബരിമലയിൽ റോഡ് വെട്ടിയതെന്നും കോടിയേരി ചൂണ്ടികാട്ടി. എന്നിട്ട് ജനങ്ങളെ സിപിഎമ്മിന് എതിരാക്കാൻ ശ്രമിക്കുകയാണ്.

സംസ്ഥാനത്ത് വീണ്ടും കോ ലി ബി സംഖ്യം രൂപപ്പെടുന്നുതായും കോടിയേരി പറഞ്ഞു. ശബരിമലയിൽ പോകുന്നതിൽ ഏറിയപങ്കും സി പി എം പ്രവർത്തകരാണ്. വിശ്വാസി - അവിശ്വാസിയെന്ന് സംസ്ഥാനത്തെ ജനങ്ങളെ വേർതിരിക്കാൻ ശ്രമം നടക്കുന്നു. വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകില്ലെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. വിശ്വാസികളാകും ബി ജെ പി യെ തറപറ്റിക്കുന്നതെന്ന് കേരളം തെളിയിക്കും. സവർണ ചിന്തഗതിയുള്ള ഒരു ന്യൂനപക്ഷമാണ് ശബരിമലയിലെ സമരത്തിന് പിന്നിലെന്ന് പറഞ്ഞ കോടിയേരി അയ്യപ്പനെ ഉപയോഗിച്ച് ധ്രുവീകരണമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios