Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കൊപ്പം ഫ്ലക്സിൽ ഇടം, പിണറായിയുടെ സന്ദർശനം; വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടാൻ സിപിഎം

ബിഡിജെഎസ് എൻഡിഎക്ക് ഒപ്പമെന്ന് വ്യക്തമായ സ്ഥിതിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ് സിപിഎം. ക്ഷേത്രത്തിന് സഹായം നൽകുന്നതും മന്ത്രിമാർക്കൊപ്പം ഫ്ലക്സിൽ ഇടം നൽകുന്നതും ഇതിന് തന്നെ. 

cpm tried hard to keep vellappally with it pinarayi meets him offers help to kanichukulangara temple
Author
Kanichukulangara, First Published Feb 25, 2019, 12:40 PM IST

കണിച്ചുകുളങ്ങര: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ ശ്രമം ഊർജിതമാക്കി സിപിഎം. വെള്ളാപ്പള്ളി നടേശനെ നേരിട്ട് വീട്ടിലെത്തി കണ്ട മുഖ്യമന്ത്രി എസ്എൻഡിപി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് എൻഡിഎ മുന്നണിയിൽത്തന്നെ എന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വെള്ളാപ്പള്ളിയെ കാണാനെത്തുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സ്വീകരിച്ച നിലപാടായിരുന്നില്ല തുഷാറിന്‍റേത്. വനിതാമതിലിന്‍റെ സംഘാടകസമിതിയുടെ ചെയ‍ർമാനായി വെള്ളാപ്പള്ളിയെത്തന്നെ സിപിഎം കൊണ്ടുവന്നു. ശബരിമലയെച്ചൊല്ലി കേരളമെമ്പാടും പ്രതിഷേധം കത്തിയപ്പോൾ അതിനെതിരെ വെള്ളാപ്പള്ളിയെക്കൊണ്ട് സംസാരിപ്പിക്കാൻ സിപിഎമ്മിനായി.

എന്നാൽ സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് വിധി നടപ്പാക്കണമെന്ന തരത്തിൽ വാദിച്ചപ്പോൾ വെള്ളാപ്പള്ളി നിലപാട് മാറ്റി. സർക്കാരിനെതിരെ വിമർശനവുമായി രംഗത്തു വന്നു. ഇതിന് പിന്നാലെ ബിഡിജെഎസ്സുമായി സീറ്റ് വിഭജനചർച്ചകൾ ബിജെപി സജീവമാക്കുകയും ചെയ്തു. കേരളത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഇത്. എട്ട് സീറ്റ് വരെ ചോദിച്ച ബിഡിജെഎസ്സിന്‍റെ പല ആവശ്യങ്ങളിലും സംസ്ഥാനബിജെപി ഘടകത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും ഈഴവ വോട്ട് ബാങ്ക് ഉറപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിർദേശം. ഇതേത്തുടർന്ന് ബിഡിജെഎസ്സുമായി സീറ്റ് ധാരണയായെന്നും സീറ്റ് സാധ്യതാപ്പട്ടിക ദേശീയനേതൃത്വത്തിന് നൽകിയെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. 

എന്നാൽ പിന്നീട് സാധ്യതാപ്പട്ടിക നൽകിയിട്ടില്ലെന്ന് ശ്രീധരൻ പിള്ള മലക്കം മറി‍ഞ്ഞെങ്കിലും ബിഡിജെഎസ്സിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒപ്പം നിർത്തുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം വെള്ളാപ്പള്ളിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നത്.

ഇതിന്‍റെ ഭാഗമായി സർക്കാർ പരിപാടിയിൽപ്പോലും മന്ത്രിമാർക്കൊപ്പം വളരെ പ്രാധാന്യത്തോടെ വെള്ളാപ്പള്ളി നടേശന്‍റെ ചിത്രം നൽകുകയാണ് സംസ്ഥാനസർക്കാർ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ജി സുധാകരന്‍റെയും കടകംപള്ളി സുരേന്ദ്രന്‍റെയും ഒപ്പം വെള്ളാപ്പള്ളിയുടെ ചിത്രം വച്ചിരിക്കുന്നത്. 

മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ നിർമ്മിക്കുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനുള്ള സംസ്ഥാന സർക്കാരിന്‍റെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ വിലയിരുത്തപ്പെടുന്നത്.

ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്‍ശന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാർ നേരിട്ട് കണിച്ചുകുളങ്ങരയിൽ പിൽഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റർ നിർമ്മിക്കുന്നത്.

Follow Us:
Download App:
  • android
  • ios