Asianet News MalayalamAsianet News Malayalam

സിഎസ്ഐ സഭയുടെ സ്ഥല കൈമാറ്റം: ഇടയലേഖനത്തിന് ബദലുമായി വിശ്വാസികൾ

സിഎസ്ഐ സഭയുടെ സ്ഥല കൈമാറ്റം: ഇടയലേഖനത്തിന് ബദലുമായി വിശ്വാസികൾ

CSI

കോഴിക്കോട്ടെ സിഎസ്ഐ സഭയുടെ സ്ഥല കൈമാറ്റ വിഷയത്തിൽ പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വിശ്വാസികൾ രംഗത്ത്. കുഞ്ഞാടുകളുടെ ലേഖനമെന്ന പേരിലാണ് വിശ്വാസികൾ ഇടയ ലേഖനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിഷപ്പിന്റെ വാദങ്ങൾ തെറ്റാണെന്നാണ് കുഞ്ഞാടുകളുടെ ലേഖനം  പറയുന്നത്.

വസ്‍ത്രവിൽപ്പന ശാലക്ക് സഭാ ആസ്ഥാനത്തോട് ചേർന്ന് കുറഞ്ഞ വാടക്ക് സ്ഥലം കൈമാറിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സിഎസ്ഐ സഭ ഇടയലേഖനം ഇറക്കിയത്. ഇടപാടിൽ തെറ്റില്ലെന്നാണ് മാർച്ച് 11 ന് പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ നാല് പേജ് വരുന്ന കുഞ്ഞാടുകളുടെ ലേഖനം  ഇത് ചോദ്യം ചെയ്യുന്നു.  സഭാ വസ്‍തുക്കൾ കൈമാറ്റം ചെയ്യാൻ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെകുറിച്ച് ഇടയലേഖനം പരാമർശിക്കാത്തത് എന്തെന്ന് ലേഖനത്തിൽ ചോദിക്കുന്നു. 2016 ഡിസംബർ 15 ന് ശേഷം യോഗം ചേരാത്ത പ്രോപ്പർട്ടി കമ്മിറ്റി  കോഴിക്കോട്ടെ ഇടപാട് എപ്പോഴാണ് ചർച്ച ചെയ്‍ത് അംഗീകാരം നൽകിയതെന്നും ചോദ്യം ഉയരുന്നു. സിഎസ്ഐ സഭയെയും  സഭാ ജനങ്ങളെയും പറ്റിക്കുന്നതാണ് വസ്‍തു ഇടപാടെന്നും ലേഖനം കുറ്റപ്പെടുത്തുന്നു . സഭയ്‍ക്ക് പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങൾ നഷ്‍ടപ്പെട്ടതിന് സമാനമായ സ്ഥിതി കോഴിക്കോടെ ഇടപാടിലൂടെയും ഉണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ട്. സംയുക്ത സമര സമിതിയാണ് ലേഖനത്തിന് പിന്നിൽ. കോഴിക്കോട്ടെ ബിഷപ്പ് ഹൗസ് ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഇടയിൽ ലേഖനം ഇതിനകം എത്തിച്ചിട്ടുണ്ട്. മാർച്ച് 24ന് സഭാ ആസ്ഥാനത്തിന് സമീപം രാപ്പകൽ സമരം നടത്താനും ആക്ഷൻ കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. രാപ്പകൽസമരത്തിലാണ് കുഞ്ഞാടുകളുടെ ലേഖനം  വായിക്കുക.

Follow Us:
Download App:
  • android
  • ios