Asianet News MalayalamAsianet News Malayalam

സിഎസ്ഐ സഭയിലും ഭൂമി വിവാദം

  • സിഎസ്ഐ സഭയുടെ കോഴിക്കോട്ടെ ഭൂമി കൈമാറിയത്  സഭാ മാന്വലിന് വിരുദ്ധമായെന്ന്  ആരോപണം
csi sabha land deal issue

കോഴിക്കോട്: സിഎസ്ഐ സഭയുടെ കോഴിക്കോട്ടെ ഭൂമി കൈമാറിയത്  സഭാ മാന്വലിന് വിരുദ്ധമായെന്ന്  ആരോപണം.  പ്രോപ്പർട്ടി കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഭാ വസ്തുക്കൾ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത്. പരാതിയിൽ ബിഷപ്പ് നൽകിയ മറുപടിയിലും  പ്രോപ്പർട്ടി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി പരാമർശമില്ല.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിഎസ്ഐ സഭയുടെ വസ്തുക്കൾ കൈമാറാനോ പാട്ടത്തിനോ നൽകാൻ പാടില്ല. സഭാ വസ്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് സിഎസ്ഐ സഭക്ക് മാന്വൽ  ഉണ്ട്.ട്രസ്റ്റ് അസോസിയേഷന്‍റെ അധീനതയിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാൻ രൂപത പ്രോപ്പർട്ടി കമ്മിറ്റി വേണം. 

പ്രോപ്പർട്ടി കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ സ്ഥലമിടപാടുകളും നടത്താൻ പാടുള്ളു. വസ്ത്രവിൽപ്പന ശാലക്ക് സ്ഥലം നൽകിയതിനെതിരെ പരാതി നൽകിയ  വ്യക്തിക്ക് ബിഷപ്പ്  ഡോ.റോയിസ് മനോജ് വിക്ടർ  നൽകിയ മറുപടിയിൽ മഹാഇടവക എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും  ഫൈനാൻസ് കമ്മിറ്റിയുടെയും അനുമതിയുടെ കാര്യം മാത്രമാണ് പറയുന്നത്.ഒരു വർഷം മുൻപാണ് പ്രോപ്പർട്ടി കമ്മിറ്റി യോഗം ഒടുവിൽ ചേർന്നതെന്ന്  ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. 

താത്കാലിക ഷെഡിന് ആണ് അനുമതിയെന്ന് ബിഷപ്പ് ആവർത്തിക്കുമ്പോൾ വസ്ത്രവിൽപ്പന ശാല എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണെന്ന് ആക്ഷൻ കമ്മിറ്റി പറയുന്നു. 24000 ചതുരശ്ര അടിക്ക് മാസം 1.75 ലക്ഷം വാടകയും 2 ലക്ഷം അഡ്വാൻസും എന്ന തോതിലാണ് വസ്ത്രവിൽപ്പനശാലക്ക് കൈമാറിയത്.

Follow Us:
Download App:
  • android
  • ios