Asianet News MalayalamAsianet News Malayalam

ഡാനി ജോസഫിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകും

  • ഡാനി അവസാനമായെത്തിയത് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്താണെന്ന്  മൊബൈല്‍ ലൊക്കേഷന്റെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു.
Danny Josephs body will be delayed

ഇടുക്കി : കാനഡയില്‍ മരിച്ച മനയത്ത് വീട്ടില്‍ എം.എ.വര്‍ഗീസിന്റെയും ഷീന വര്‍ഗീസിന്റെയും മകന്‍ ഡാനി ജോസഫിന്റെ [20] സംസ്‌കാര ചടങ്ങുകള്‍ മാറ്റി വെച്ചു. കാനഡയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ വൈകുന്നത് കാരണം മൃതദേഹം നാട്ടിലെത്താന്‍ വൈകുകയാണ്. 

കാനഡ - അമേരിക്ക അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടതിന് സമീപം നൂറടി താഴ്ചയുള്ള കൊക്കയില്‍ നിന്നാണ് ഡാനി ജോസഫിന്റെ മൃതദേഹം  കണ്ടെത്തിയത്. ഫെബ്രുവരി എട്ട് വെള്ളിയാഴ്ചയാണ് കൂട്ടുകാരോടൊപ്പം പുറത്തുപോയ ഡാനിയെ കാണാതായത്. ഡാനി അവസാനമായെത്തിയത് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്താണെന്ന്  മൊബൈല്‍ ലൊക്കേഷന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി.  

എന്നാല്‍ കടുത്ത മഞ്ഞുവീഴ്ചമൂലം ഒരുമാസം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.  മാര്‍ച്ച് മാസത്തില്‍ മഞ്ഞുരുകാന്‍ തുടങ്ങിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. നയാഗ്ര ആശുപത്രിയിലെത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. 

2016 സെപ്റ്റംബര്‍ മാസമാണ് ഡാനി കുലിനറി മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനായി വിദേശത്തേയ്ക്ക് പോയത്. നയാഗ്ര കോളേജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേയ്ക്ക് വിളിക്കുമായിരുന്ന ഡാനിയുടെ ഫോണ്‍ വെള്ളിയാഴ്ച മുതല്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടായതായതോടെ സംശയം തോന്നിയ വീട്ടുകാര്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോളാണ് കാണാതായ വിവരം അറിയുന്നത്.
 

Follow Us:
Download App:
  • android
  • ios