Asianet News MalayalamAsianet News Malayalam

ചീഫ് സെക്രട്ടറിയെ മര്‍‍ദ്ദിച്ച സംഭവം; ആംആദ്മി പാര്‍ട്ടി എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി

  • ദില്ലിയിലെ ഭരണപ്രതിസന്ധി അവസാനിച്ചു
  • മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി
  • ദേഹോപദ്രവം ഉണ്ടാകില്ലെന്ന് ഉറപ്പ്
  • കെജ്‍രിവാളിന് ചീഫ് സെക്രട്ടറിയുടെ കത്ത്
  • എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി
Delhi chief secy assault AAP MLAs bail plea dismissed

ദില്ലി: ദില്ലിയിൽ ചീഫ് സെക്രട്ടറിയെ ആംആദ്മി പാര്‍ട്ടി എംഎൽഎമാര്‍ മര്‍‍ദ്ദിച്ചതിന് ശേഷമുണ്ടായ ഭരണ പ്രതിസന്ധിയ്ക്ക് പരിഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി അൻഷു പ്രകാശും ഉദ്യോഗസ്ഥരും പങ്കെടുത്തു. മര്‍ദ്ദനക്കേസിൽ പ്രകാശ് ജാര്‍വാൾ എംഎൽഎയുടെ ജാമ്യാപേക്ഷ ദില്ലി ടിസ് ഹസാരി കോടതി വീണ്ടും തള്ളി.

ഫയലുകളിൽ ഒപ്പിടാതെയും യോഗങ്ങളിൽ പങ്കെടുക്കാതെയും ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരാഴ്ച്ചയായി ഉദ്യോഗസ്ഥര്‍ നടത്തിയ നിസ്സഹകരണം അവസാനിച്ചു. ബജറ്റ് സമ്മേളനത്തീയതി പ്രഖ്യാപിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിളിച്ച യോഗത്തിൽ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേഹോപദ്രവമോ അപമാനമോ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ യോഗത്തിൽ പങ്കെടുക്കാമെന്ന് ചീഫ് സെക്രട്ടറി കത്തിലൂടെ കെജ്‍രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത് അംഗീകരിച്ചതോടെയാണ് ദില്ലിയിൽ ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായത്. കെജ്‍രിവാളിന്‍റെ വീട്ടിൽ ഈ മാസം 19ന് നടന്ന യോഗത്തിൽ ആംആദ്മി പാര്‍ട്ടി എംഎൽഎമാര്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. എംഎൽഎമാരായ അമാനത്തുള്ള ഖാനേയും പ്രകാശ് ജര്‍വാളിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും കെജ്‍രിവാളിന്‍റെ വീട്ടിലെ സിസിടിവി ക്യാമറകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് എംഎൽഎമാരും റിമാൻഡിലാണ്.

 

 

Follow Us:
Download App:
  • android
  • ios