Asianet News MalayalamAsianet News Malayalam

ദില്ലി മലിനീകരണം: പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ പൂര്‍ണ നിയന്ത്രണമല്ലാതെ പരിഹാരമില്ലെന്ന് ഇപിസിഎ

''ദില്ലിയിലെ അന്തരീക്ഷ വായു ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുയും ദ്രവീകൃത പ്രകൃതി വാതകം(സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നല്‍കുകയും വേണ്ടി വരും''

delhi pollution only option is either to ban non cng private vehicles or implement odd even plan
Author
Delhi, First Published Nov 14, 2018, 11:23 PM IST

ദില്ലി: ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വിലക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും രൂക്ഷമായ വായുമലിനീകരണമാണ് ദീപാവലി ദിനത്തോടെ ദില്ലി അനുഭവിച്ചത്. എയര്‍ ക്വാളിറ്റി ഇന്‍റക്സ് പ്രകാരം 642 ആയിരുന്നു മലിനീകരണത്തിന്‍റെ തോത്. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി നിയമിച്ച പരിസ്ഥിനി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുകയോ ഒറ്റ ഇരട്ട (ഓഡി ഈവന്‍ പ്ലാന്‍) സംവിധാനം നടപ്പിലാക്കുകയോ വേണ്ടിവരുമെന്നാണ് ഇപിസിഎ സംഘത്തിന്‍റെ വിലയിരുത്തല്‍. ''ദില്ലിയിലെ അന്തരീക്ഷ വായു ഈ സ്ഥിതിയില്‍ തുടര്‍ന്നാല്‍ സ്വകാര്യ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുയും ദ്രവീകൃത പ്രകൃതി വാതകം(സിഎന്‍ജി) ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നല്‍കുകയും വേണ്ടി വരും'' - കത്തില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള മാതൃകയാണ് ഒറ്റ ഇരട്ട സംവിധാനം. സ്വകാര്യ വാഹനങ്ങളും ഈ സംവിധാനത്തിന്‍റെ കീഴില്‍ ഉള്‍പ്പെടുത്തിയാണ് വിദേശ രാജ്യങ്ങള്‍ മലിനീകരണത്തെ നിയന്ത്രിക്കുന്നതെന്നും ഇപിസിഎ ചെയര്‍മാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

എന്നാല്‍ ദില്ലിയിലെ നിലവിലെ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് ഇത് സാധ്യമല്ലെന്ന് ദില്ലി സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഒറ്റ ഇരട്ട സംവിധാനം ദില്ലി സര്‍ക്കാര്‍ മുമ്പ് പരീക്ഷിച്ചിരുന്നു. അന്ന് വിഐപി, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പ്രതിരോധ മന്ത്രാലയത്തിന്‍റെ വാഹനങ്ങള്‍, ഏക വനിതാ ഡ്രൈവര്‍മാര്‍, 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വനിതാ ഡ്രൈവര്‍മാര്‍ എന്നിവരെ നിയമത്തിന്‍റെ പരിധിയില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. 

വാഹനങ്ങളില്‍ വെഹിക്കിള്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും ഇപിസിഎ കുറ്റപ്പെടുത്തുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം, വാഹനങ്ങളുടെ കാലാവധി എന്നിവ പ്രദര്‍ശിപ്പിക്കുന്നതാണ് വെഹിക്കിള്‍ സ്റ്റിക്കര്‍.  മലിനീകരണം പരിശോധിക്കുന്നതിനായി വാഹനങ്ങളില്‍ കളര്‍ കോഡിംഗ് നടപ്പിലാക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം ഓഗസ്റ്റില്‍ അപെക്സ് കോടതി അംഗീകരിച്ചിരുന്നു. 

പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളംനീല സ്റ്റിക്കറുകളും ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ച് സ്റ്റിക്കറുകളുമാണ് പതിക്കേണ്ടത്. പ്രത്യേക ദിവസങ്ങളില്‍ മലിനീകരണ തോത് കൂടിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ ഈ സംവിധാനം ഉപയോഗപ്പെടും. അതേസമയം ദില്ലിയില്‍ മഴ പെയ്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിതീവ്രമായിരുന്ന (സിവിയര്‍) വായു മലിനീകരണത്തിന് അല്‍പം കുറവുവന്നിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios