Asianet News MalayalamAsianet News Malayalam

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി

നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. വെടിക്കെട്ടിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം.

dgp grants permission for charge sheet in puttingal firework tragedy
Author
Thiruvananthapuram, First Published Nov 29, 2018, 8:57 AM IST

തിരുവനന്തപുരം: നൂറ്റിപത്ത് പേരുടെ മരണത്തിനിടെയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രത്തിന് ഡിജിപിയുടെ അനുമതി. വെടിക്കെട്ടിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദ്യ കുറ്റപത്രം. റവന്യൂ- പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രഞ്ച് കോടതിയെ അറിയിക്കും.

110 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടര വർഷങ്ങള്‍ക്കു ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകുന്നത്. അനുമതിയില്ലാതെ മത്സര കമ്പം സംഘടിച്ചവരെയാണ് ആദ്യ കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. പുറ്റിങ്ങൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മത്സര കമ്പത്തിൽ പങ്കെടുത്തവരുമായ 59 പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതിൽ 7 പേർ മരിച്ചു. 66 വാല്യങ്ങളായുള്ള വലിയ കുറ്റപത്രമാണ് അന്വേഷണം ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി ശ്രീധരൻ പരിശോധക്കായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നൽകിയത്. 1500 ലഘികം സാക്ഷികളുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരാണ് പ്രധാന സാക്ഷികള്‍. 

കൊലപാതകം, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കൽ തുടങ്ങി 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ഫോടക വസ്തു നിയമം ചുമത്തിയിരിക്കുന്നതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കളക്ടറുടെ അനുമതി ക്രൈം ബ്രാഞ്ചിന് വേണം. ദുരന്തമുണ്ടായതിന് ശേഷം കമ്പം സംഘടിപ്പിച്ചവരുടെ ഗോഡൗണുകളിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. 2016 ഏപ്രിൽ 10 പുലർച്ചെ മൂന്നു മണിക്കാണ് കൊല്ലം പരവൂരുള്ള ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. വെടിക്കെട്ടിന് അനുമതി നൽകിയതിനെ ചൊല്ലി റവന്യൂ- പൊലീസ് വകുപ്പുകള്‍ പരസ്പരം പഴിചാരിയിരുന്നു. അന്നത്തെ പൊലീസ് മേധാവി സെൻകുമാറിന് സ്ഥാന ചലനത്തിനുള്ള ഒരു കാരണവും ഇതായിരുന്നു. 

പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ അനാസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തും നൽകിയിരുന്നു. വൻ ദുരന്തമുണ്ടാക്കിയ വെടിക്കെട്ടിന് അനുമതയുണ്ടായിരുന്നില്ലെന്നാണ് ക്രൈം ബ്രാഞ്ചിൻറെ കണ്ടെത്തൽ. പൊലീസ് - റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ അന്വേഷണം തുടരുകയണെന്നും ആദ്യ കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ കുറിച്ചന്വേഷിക്കുന്ന കമ്മീഷൻറെയും തെളിവെടുപ്പ് തുടരുകയാണ്.
 

Follow Us:
Download App:
  • android
  • ios