Asianet News MalayalamAsianet News Malayalam

കൊച്ചി കേന്ദ്രീകരിച്ച് ലോജിസ്റ്റിക്‌സ് പാർക് വികസിപ്പിക്കാന്‍ ഡിപി വേൾഡ്

വരാനിരിക്കുന്ന ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക് വഴി കൊച്ചി-ബംഗളൂരു വ്യാവസായിക പാത തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു

dp world agree to start logistics park in kochi
Author
Dubai - United Arab Emirates, First Published Oct 22, 2018, 12:20 AM IST

ദുബായ്: കൊച്ചി കേന്ദ്രീകരിച്ച് ലോജിസ്റ്റിക്‌സ് പാർക് വികസിപ്പിച്ചെടുക്കാൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡിപി വേൾഡ് താത്പര്യമറിയിച്ചു. ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ പാർകിനു വേണ്ട സ്ഥലം തിരഞ്ഞെടുത്തു നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

സർക്കാരും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സംരംഭമായിരിക്കുമിതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി പി വേൾഡ് ചെയർമാൻ സുൽത്താൻ അഹ്മദ് ബിൻ സുലായവും വ്യക്തമാക്കി. നിലവിലുള്ള കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുമായി ചര്‍ച്ച നടത്തുമെന്നും വൻകിട കപ്പലുകളിൽ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനായുള്ള ചര്‍ച്ചകള്‍ക്ക് പ്രിൻസിപ്പൾ സെക്രട്ടറി ഇളങ്കോവനെ നിയോഗിച്ചു. വരാനിരിക്കുന്ന ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക് വഴി കൊച്ചി-ബംഗളൂരു വ്യാവസായിക പാത തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഡിപി വേൾഡിന്റെ സംരംഭകത്വ സഹായം വഴി കേരളത്തിൽ തൊഴിലവസരങ്ങള്‍ ഗണ്യമായി വർധിക്കുമെന്ന് മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിന്റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉൾനാടൻ ജലഗതാഗത മേഖലയിലും വികസന സംരംഭങ്ങള്‍ നടത്താൻ ഡിപി വേൾഡ് താത്പര്യം പ്രകടിപ്പിച്ചു. 2020ൽ ഈ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ വേണ്ട ഇടപെടലുകൾ നടത്താൻ ഡിപി വേൾഡ് കൂടിക്കാഴ്ചയില്‍ അഭ്യര്‍ത്ഥിച്ചു.

പദ്ധതിയിലൂടെ ചരക്കുനീക്കം സുഗമമായി നടത്താൻ കഴിയുമെന്ന് കേരള സർക്കാരും ഡിപി വേൾഡും ശുഭാഭ്തി വിശ്വാസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസുഫലി, പ്രിൻസിപ്പൾ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ലോകത്തെ പ്രമുഖ പോർട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ് ഡി പി വേൾഡ്.

Follow Us:
Download App:
  • android
  • ios