Asianet News MalayalamAsianet News Malayalam

വോട്ടെണ്ണല്‍ തുടങ്ങി; ത്രിപുരയില്‍ ആദ്യഘട്ടത്തില്‍ ബിജെപിയും സിപിഎമ്മും  ഒപ്പത്തിനൊപ്പം

  • വോട്ടെണ്ണല്‍ തുടങ്ങി; ത്രിപുരയില്‍ ആദ്യഘട്ടത്തില്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
Election results today Nagaland Tripura and Meghalaya

അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ നിന്ന് ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ബിജെപിയു സിപിഎമ്മും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.  കടുത്ത മത്സരത്തിന്‍റെ ലക്ഷണങ്ങളാണ് ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

ത്രിപുരയില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 59 സീറ്റുകളില്‍ പത്ത് വീതം സീറ്റുകളിലാണ് സിപിഎമ്മും ബിജെപി സഖ്യവും ലീഡ് ചെയ്യുന്നത്. നാഗാലാന്‍റില്‍ ബിജെപി സഖ്യം പത്ത് സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. മേഘാലയയില്‍ കോണ്‍ഗ്രസ് മൂന്ന് വീതം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പോസ്റ്റല്‍ ബാലറ്റുകളാണ് ഇതുവരെ എണ്ണിക്കഴിഞ്ഞത്.

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍. ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം ത്രിപുരയിലെ പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വെകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്ന് പറയുന്നു. ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തില്‍ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്‍വ്വെകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിജയിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് ഇരുപക്ഷവും.

നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എന്ത് ചലനമുണ്ടാക്കുമെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios