Asianet News MalayalamAsianet News Malayalam

തുമ്പിക്കൈയിലും തലയിലും ആഴത്തില്‍ മുറിവ്; പരിക്കേറ്റനിലയില്‍ ആനക്കുട്ടി

  • തുമ്പിക്കൈയിലും തലയിലും  ആഴത്തില്‍ മുറിവുകള്‍
  • ആനയെ പൂക്കോട് വെറ്ററിനറി കോളജിലെത്തിച്ചു
Elephant calf found injured in wayanad

വയനാട്:  തുമ്പി കൈക്കും തലക്കും പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. മേപ്പാടി റേഞ്ച് പരിധിയില്‍പെടുന്ന വൈത്തിരിക്കടുത്ത  ആയിഷ പ്ലാന്‍റേഷനിലാണ് ആറുമാസം പ്രായം തോന്നിക്കുന്ന പിടിയാനയെ കണ്ടെത്തിയത്. തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ പൂക്കോട് വെറ്ററിനറി കോളജിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാണ് ആനക്കുട്ടിക്ക് പരിക്കേറ്റതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

തുമ്പികൈക്കും തലക്കും ആഴത്തിലുള്ള മുറിവുകളുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ആനക്കുട്ടിയെ ആനക്കൂട്ടം ഉപേക്ഷിച്ചതാവാമെന്ന് മേപ്പാടി റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജില്‍ നിരീക്ഷണത്തിലുള്ള ആനക്കുട്ടിയെ പരിക്ക് ഭേദമാകുന്ന മുറക്ക് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. വൈത്തിരിയിലെ തോട്ടം മേഖലകളില്‍ സന്ധ്യയാകുന്നതോടെ ആനക്കൂട്ടമിറങ്ങാറുണ്ട്. ഇത്തരത്തില്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കൂട്ടം തെറ്റിയ കുട്ടിയാനയെ മറ്റു മൃഗങ്ങള്‍ ആക്രമിച്ചതാകാമെന്നാണ് നിഗമനം.   

Follow Us:
Download App:
  • android
  • ios