Asianet News MalayalamAsianet News Malayalam

റോഡ് തകർന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; എറണാകുളം കളക്ടറുടെ ഉത്തരവിറങ്ങി

എറണാകുളം ജില്ലയിലെ റോഡ് പണിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ernakulam collectors order in road build
Author
kochi, First Published Oct 23, 2018, 8:02 AM IST

 

കൊച്ചി: എറണാകുളം ജില്ലയിലെ റോഡ് പണിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങളും തുടര്‍ക്കഥയായതോടെയാണ് കളക്ടർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കഴിഞ്ഞ വർഷം അറ്റകുറ്റപ്പണി നടത്തിയ സിവിൽ ലൈൻ റോഡ് മാസങ്ങൾക്കുള്ളിൽ തകർന്നു. കഴിഞ്ഞ ദിവസം ഈ റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. ജോസ് ജംഗ്ഷനിലെ റോഡും പണി തീർത്ത് ആഴ്ചകൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതു മൂലം റോഡപകടങ്ങളുണ്ടായാൽ ബന്ധപ്പെട്ട അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള യോഗത്തിൽ അറിയിച്ചു. നിയമനടപടികളും നേരിടേണ്ടി വരും. ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ റോഡുകള്‍ക്ക് കേടുപാടു സംഭവിച്ചാൽ ഉത്തരവാദിത്വം കരാറുകാര്‍ക്കും അസിസ്റ്റന്‍ എന്‍ജിനീയര്‍മാര്‍ക്കും ആയിരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

റോഡുകള്‍ ഗുണനിലവാരമുള്ളതാക്കാന്‍ കരാറുകാര്‍ക്കും ഉത്തരവാദിത്തമുണ്ട്. നിലവാരം കുറഞ്ഞ റോഡുകള്‍ നിര്‍മ്മിക്കുന്ന കരാറുകാർക്ക് നൽകാനുള്ള തുക പിടിച്ചു വയ്ക്കുകയും മൂന്നു വർഷത്തേക്ക് കരന്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. റോഡ് പണികള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കും. പൊതുമരാമത്ത് വകുപ്പിന്‍റെ വിവിധ സബ്ഡിവിഷനുകളിൽ നടക്കുന്ന പണികളുടെ പുരോഗതി എല്ലാ അഴ്ചയിലും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കനത്ത മഴയും ജീവക്കാരുടെ കുറവും പണികൾ സമയ ബന്ധിതമായി തീർക്കാൻ തടസ്സമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios