Asianet News MalayalamAsianet News Malayalam

ഉന്നാവോ യുവതിക്കും കത്വയിലെ എട്ടുവയസുകാരിക്കും വേണ്ടി കേരളം തെരുവില്‍ നില്‍ക്കും

  • ഉന്നാവോ യുവതിക്കും കത്വ പെണ്‍കുട്ടിയ്ക്കും വേണ്ടി കേരളം തെരുവില്‍ നില്‍ക്കും
Facebook campaign MyStreetMyProtest On Asifa Murder Unnao Rape

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ പുതിയൊരു ഓൺലൈൻ സമര കാംപയിൻ നടക്കുകയാണ്. എന്‍റെ തെരുവിൽ എന്‍റെ പ്രതിഷേധം എന്ന പേരിലാണ് സമരസംഘാടനം നടക്കുന്നത്. കത്വ പെണ്‍കുട്ടിയ്ക്കും ഉന്നാവോയിലെ പെൺകുട്ടിക്കും വേണ്ടി എവിടെയാണോ ഞായറാഴ്ച വൈകുന്നേരം ഉള്ളത്, അവിടെ ചിത്രങ്ങളും പോസ്റ്ററുകളുമായി അഞ്ച് മണിമുതല്‍ നിന്ന് പ്രതിഷേധിക്കാനാണ് തീരുമാനം.

ഒറ്റയ്ക്കാണെങ്കിലും കഴിയുന്നത്ര സമയം നില്‍ക്കാമെന്നും കൂട്ടുകാര്‍ ചേരുമെന്ന് പ്രതീക്ഷിക്കാമെന്നും സമര സന്ദേശത്തില്‍ പറയുന്നു. പ്രതിഷേധത്തെ കുറിച്ച് ചോദിക്കുന്നവരോട് കാരണം വിശദീകരിച്ച് കൊടുക്കണമെന്ന് നിര്‍ദേശമുണ്ട്. സംവിധായകന്‍ ആഷിഖ് അബു, എഴുത്തുകാരിയ മൈന ഉമൈബാന്‍, മാധ്യമ പ്രവര്‍ത്തകരായ മനില സി. മോഹന്‍, പ്രമോദ് രാമന്‍, ഹര്‍ഷന്‍, സനീഷ്, മനീഷ് നാരായണന്‍ തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന യുവതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. #MyStreetMyProtest എന്ന ഹാഷ്ടാഗിൽ ബംഗളൂരു തെരുവുകളിൽ പ്രതിഷേധിക്കാനായിരുന്നു ആഹ്വാനം. മലയാളി മാധ്യമപ്രവർത്തകയായ മനില സി മോഹൻ അരുന്ധതിയുടെ പോസ്റ്റ് പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിനാളുകൾ കാന്പെയ്ൻ ഏറ്റെടുക്കുകയായിരുന്നു. 

സമരാഹ്വാനത്തിന്‍റെ പൂർണ്ണരൂപം ഇങ്ങനെ 

#MyStreetMyProtest
#എന്റെതെരുവിൽഎന്റെപ്രതിഷേധം

കത്വ പെണ്‍കുട്ടിയ്ക്കും ഉന്നാവോയിലെ പെൺകുട്ടിക്കും വേണ്ടി, 
നമ്മൾ നമ്മുടെ തെരുവിൽ പ്രതിഷേധിക്കുന്നു.
ഏപ്രിൽ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മൾ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. കത്വ പെണ്‍കുട്ടിയ്ക്കും ഉന്നാവോയിൽ റേപ്പ് ചെയ്യപ്പെട്ട ആ പെൺകുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവർക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയൽക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം.

2) സുഹൃത്തുക്കളേയും അയൽക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങൾ ഇ-മെയിൽ ചെയ്യുക. എഫ്.ബി യിൽ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകൾ ഉണ്ടാക്കുക.

4) 15-ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയൽക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവിൽ നമ്മൾക്ക് കഴിയുന്നത്ര സമയം നിൽക്കാം. അത് നമ്മൾ ഒറ്റയ്ക്കാണെങ്കിൽ പോലും. നമുക്കൊപ്പം കൂട്ടുകാർ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8) ചിത്രമെടുത്ത് #MyStreetMyProtest എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.

കടപ്പാട്: അരുന്ധതി ഘോഷ്,
ബാംഗ്ലൂർ

Follow Us:
Download App:
  • android
  • ios