Asianet News MalayalamAsianet News Malayalam

ശ്രീദേവിയുടെ മൃതദേഹവുമായി വിലാപയാത്ര ആരംഭിച്ചു

  • ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു
final journey of sridevi begins

മുംബൈ: ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. 

വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലാണ് ശ്രീദേവിയുടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. 3.30 ഓടെയാകും അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. ബോണി കപൂറിന്‍റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പമുണ്ട്. 

ശ്രീദേവിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍  ബോളിവുഡില്‍നിന്ന് നിരവധി താരങ്ങളാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിലേക്ക് എത്തിയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ താരത്തിന്റെ മൃതദേഹം മുംബൈയിലെത്തിച്ചത്. ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വിമാനത്താവളത്തിലും മുംബൈയിലെ വസതിയിലും വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പോലീസ് ഇടയ്ക്കിടെ ലാത്തിചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി.

വിദേശത്ത് വച്ചുള്ള അസ്വാഭാവിക മരണമായതിനാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ഹൃദായാഘാതം കാരണം ശ്രീദേവി മരിച്ചെന്നായിരുന്നു  ആദ്യം പുറത്തു വന്ന വാര്‍ത്തകളെങ്കിലും മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് മൂന്ന് വട്ടം ചോദ്യം ചെയ്തു. 

വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബായ് പോലീസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 

ഇത്രയും ദിവസം ദുബായിലെ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഭൗതികദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുത്തുള്ള ഉത്തരവ് ഇന്നലെ ഉച്ചയ്ക്കാണ് അധികൃതര്‍ കൈമാറിയത്. തുടര്‍ന്ന് മൃതദേഹം എബ്ലാം ചെയ്ത് ദുബായ് സമയം ഉച്ചയോടെ അവിടെ നിന്നും സ്വകാര്യവിമാനത്തില്‍ ഇന്ത്യയിലേക്ക് അയച്ചു. ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി അനില്‍ കപൂര്‍, സോനം കപൂര്‍ തുടങ്ങിയവരും ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകളുമടക്കം കപൂര്‍ കുടുംബത്തിലെ പ്രധാനികളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios