Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ വിമാനത്താവളത്തില്‍ യൂസഫലിയെ വരെ വട്ടം കറക്കി 'കുറുക്കന്മാര്‍'

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നതിന്‍റെ ആരവം കെട്ടടങ്ങും മുമ്പ് അധികൃതര്‍ക്ക് തലവേദനയായി കുറുക്കന്‍മാര്‍. 

fox at kannur airport
Author
Kannur, First Published Dec 10, 2018, 9:49 AM IST

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ വിമാനം പറന്നുയര്‍ന്നതിന്‍റെ ആരവം കെട്ടടങ്ങും മുമ്പ് അധികൃതര്‍ക്ക് തലവേദനയായി കുറുക്കന്മാര്‍. വിമാനത്താവളത്തിനുളളില്‍ കയറിക്കൂടിയ കുറുക്കന്മാരെ പുറത്തുചാടിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. ആറോളം കുറുക്കന്മാരാണ് വിമാനത്താവളത്തിനുളളില്‍ കയറിക്കൂടിയത്. കുറുക്കന്മാര്‍ റണ്‍വേയില്‍ കയറിയതിനെതുടര്‍ന്ന് വ്യവസായി എം.എ. യൂസഫലിയുടെ  വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാന്‍ഡ് ചെയ്തത്. 

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി എത്തിയതാണ് യൂസഫലി. കൊച്ചിയില്‍ നിന്ന് 8:07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പുറപ്പെട്ടത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാന്‍ഡിങ് സമയം. എന്നാല്‍ റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് വട്ടം കറങ്ങി എട്ടു  മിനിറ്റിന് ശേഷം ലാന്‍ഡ് ചെയ്യുകയായിരുന്നു. 

റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്‍മാര്‍ അകത്ത് കയറിയത്. കൂടുതല്‍ കുറുക്കന്മാര്‍ കയറാതിരിക്കാന്‍ അധികൃതര്‍ പൈപ്പിന് നെറ്റ് കെട്ടി. എന്നാല്‍ ഇതോടെ അകത്ത് കയറിയ കുറുക്കന്മാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. കോഴിയിറച്ചി നല്‍കിയും വലയിട്ടും  പിടികൂടാനുളള അധികൃതരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. 

അതിനിടെ കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ്  പോക്കറ്റടിയാണ്.  എറണാകുളം സ്വദേശിയായ പി എസ് മേനോന്റെ പേഴ്സ് തിരക്കിനിടെ പോക്കറ്റടിച്ച സംഭവത്തില്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം കിയാല്‍ ഡയറക്ടറാണ്.  ആധാറും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പി.എസ് മേനോന്‍ എയര്‍പോര്‍ട്ട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.


 

Follow Us:
Download App:
  • android
  • ios