Asianet News MalayalamAsianet News Malayalam

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നഴ്‌സുമാരുടെ സമരപ്പന്തലില്‍നിന്ന് ഒരു തുറന്ന കത്ത്

''ഞങ്ങളുടെ കൂട്ടമരണത്തിന് മുമ്പായെങ്കിലും ഞങ്ങള്‍ നഴ്സുമാരെ ഒന്നു തിരിഞ്ഞു നോക്കണേ''

gigi jacob letter to lfd candidate in chengannur

ആലപ്പുഴ: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് തുറന്ന കത്തുമായി യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ്. ചേര്‍ത്തല കെ.വി.എം സമരപന്തലില്‍ മരണം വരെ നിരാഹാരമിരിക്കുകയാണ് യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ്. ഫേസ്ബുക്കിലാണ് ജിജി തന്‍റെ കത്തിന്‍റെ പൂര്‍ണ്ണ രൂപം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെങ്ങന്നൂരില്‍ വിജയിച്ചാല്‍ വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ സജി ചെറിയാന്‍ എന്നാല്‍ കഴിഞ്ഞ 205 ദിവസമായി സമരമിരിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് ജിജിയുടെ കത്തില്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയാണ് സജി ചെറിയാന്‍

'' ഞാന്‍ ആ മണ്ഡലത്തില്‍ വോട്ടുള്ളവരല്ലെങ്കിലും ഞങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങളടക്കം അവിടെ വോട്ടുള്ളവരാണ്. അങ്ങയുടെ ഈ ജനതാല്പര്യം അവരില്ലെല്ലാം ചര്‍ച്ചയാണ്. പക്ഷെ, പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന അങ്ങേയ്ക്ക് തൊട്ടപ്പുറത്ത് ചേര്‍ത്തലയില്‍ സമരമിരിക്കുന്ന നഴ്സുമാരുടെ പ്രശ്നം ഇടപെട്ട് തീര്‍ക്കാന്‍ മനസില്ലെന്ന തരത്തിലാണ് ഇവരുടെയെല്ലാം വര്‍ത്തമാനം '' 

താഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എന്ന് ഭൂരിഭാഗം പേരും അവകാശപ്പെടുന്ന സിപിഐ-എം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഈ 205 ദിവസമായി സമരത്തില്‍ ഇരിക്കേണ്ടി വരുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പറയാനായിട്ടെങ്കിലും  സമര പന്തലില്‍ സജി ചെറിയാന്‍ വരണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.  

'' ഒരു പക്ഷേ ഞാന്‍ ഇവിടെ നിരാഹാരം കിടന്ന് ചത്തു പോയേക്കാം. അതൊന്നും താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും പ്രശ്നമല്ലെന്നറിയാം. പക്ഷേ ഈ ലോകം അറിയണം ഞങ്ങള്‍ ഇത് താങ്കളെ ധരിപ്പിച്ചിരുന്നു എന്നുള്ളത്. അതോടൊപ്പം പറയട്ടെ താങ്കള്‍ എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ഞങ്ങളെ കൂടി പരിഗണിക്കണം. കാരണം ഈ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വീടില്ലാത്തവരാണ്. ഞങ്ങള്‍ ഈ സമരത്തില്‍ നിന്ന് വിജയമില്ലാതെ പിന്‍മാറില്ല. ഇനി ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്ക് താങ്കള്‍ പറഞ്ഞ വീടു നല്‍കണം. അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ. ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു ''


തുറന്ന കത്ത് ഇങ്ങനെ...

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സജി ചെറിയാന് ചേര്‍ത്തല കെ.വി.എം സമരപന്തലില്‍ നിന്ന്

മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന

യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബിന്റെ തുറന്ന കത്ത്

നമസ്‌കാരം സര്‍,

ചെങ്ങന്നൂരില്‍ അങ്ങ് വിജയിച്ചാല്‍ ആലപ്പുഴയിലെ മുഴുവന്‍ പേര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കും എന്നൊരു വാര്‍ത്ത കാണാനിടയായി. വളരെ സന്തോഷമുണ്ട് അങ്ങയുടെ സാമൂഹിക പ്രതിബദ്ധതയും സാധാരണ ജനങ്ങളോടുള്ള സ്‌നേഹവും ഇങ്ങിനെ അടുത്തറിയുമ്പോള്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ജനങ്ങളോട് മാത്രമല്ലല്ലോ അങ്ങ് ഈ വാത്സല്യം കാണിക്കുന്നത് എന്നറിയുന്നതില്‍ സന്തോഷം ഇരട്ടിയാവുന്നു.

ജനനേതാക്കളായാല്‍ ഇങ്ങനെയാവണം. അങ്ങ് ഒരു മാതൃകയാണ്. ഞാന്‍ ആ മണ്ഡലത്തില്‍ വോട്ടുള്ളവരല്ലെങ്കിലും ഞങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങളടക്കം അവിടെ വോട്ടുള്ളവരാണ്.

അങ്ങയുടെ ഈ ജനതാല്പര്യം അവരില്ലെല്ലാം ചര്‍ച്ചയാണ്. പക്ഷെ, പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന അങ്ങേയ്ക്ക് തൊട്ടപ്പുറത്ത് ചേര്‍ത്തലയില്‍ സമരമിരിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നം ഇടപെട്ട് തീര്‍ക്കാന്‍ മനസില്ലെന്ന തരത്തിലാണ് ഇവരുടെയെല്ലാം വര്‍ത്തമാനം.

സിപിഐ-എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന നിലയിലോ ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന പരിവേഷത്തിലോ ഒരു സാധാരണക്കാരന്‍ എന്ന നിലയിലോ അങ്ങേക്ക് അറിയുമോ എന്നറിയില്ല ചേര്‍ത്തലയില്‍ ഞങ്ങള്‍ കുറച്ച് നഴ്‌സുമാര്‍ കഴിഞ്ഞ 205 ദിവസമായി സമരത്തിലാണ്. രണ്ട് മാസക്കാലമായി നിരാഹാര സമരത്തിലും. അതും ന്യായമായി ഒരു തൊഴിലാളിക്കു കിട്ടേണ്ട അവകാശങ്ങള്‍ക്കായി. നാലു ദിവസം മുമ്പ് യുഎന്‍എ കെ.വി.എം ഹോസ്പിറ്റല്‍ യൂണിറ്റിന്റെ പ്രസിഡന്റായ ഞാന്‍ തന്നെ നിരാഹാരം ഏറ്റെടുത്തിരിക്കുകയാണ്.

തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എന്ന് ഞങ്ങളിലെ ഭൂരിഭാഗം പേരും അവകാശപ്പെടുന്ന സിപിഐ-എം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ഈ 205 ദിവസമായി സമരത്തില്‍ ഇരിക്കേണ്ടി വരുന്നത്. ഇനി ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമല്ല എന്ന് അങ്ങേക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പറയാനായിട്ടെങ്കിലും അങ്ങ് ഇവിടം വരെ ഒന്ന് വരണം. കാരണം ഞങ്ങള്‍ തൊഴിലാളി പ്രസ്ഥാനങ്ങളെ നെഞ്ചിലേറ്റുന്നവര്‍ ഒരു തീരുമാനം എടുക്കാന്‍ പോവുകയാണ്, അത് ഒന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ്.

ഒരു പക്ഷേ ഞാന്‍ ഇവിടെ നിരാഹാരം കിടന്ന് ചത്തു പോയേക്കാം. അതൊന്നും താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും പ്രശ്‌നമല്ലെന്നറിയാം. പക്ഷേ ഈ ലോകം അറിയണം ഞങ്ങള്‍ ഇത് താങ്കളെ ധരിപ്പിച്ചിരുന്നു എന്നുള്ളത്. അതോടൊപ്പം പറയട്ടെ താങ്കള്‍ എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ഞങ്ങളെ കൂടി പരിഗണിക്കണം. കാരണം ഈ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വീടില്ലാത്തവരാണ്. ഞങ്ങള്‍ ഈ സമരത്തില്‍ നിന്ന് വിജയമില്ലാതെ പിന്‍മാറില്ല. ഇനി ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്ക് താങ്കള്‍ പറഞ്ഞ വീടു നല്‍കണം. അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ. ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

ഏറെ പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങള്‍ക്ക്, പക്ഷേ നീതി ഇനിയും അകലെയാണ്. പണാധിപത്യത്തിനു മുമ്പില്‍ കുടപിടിക്കുന്നവര്‍ക്ക് ജനാധിപത്യവിശ്വാസം നഷ്ടപ്പെട്ടാല്‍ അതിശയപ്പെടേണ്ടതില്ല. അങ്ങ് ജനവിധി തേടുന്നതിനു മുമ്പായി, ഞങ്ങളുടെ കൂട്ടമരണത്തിന് മുമ്പായെങ്കിലും ഞങ്ങള്‍ നഴ്‌സുമാരെ ഒന്നു തിരിഞ്ഞു നോക്കണേ. എങ്കിലേ ആ തീരുമാനം അങ്ങയെ അറിയിക്കാന്‍ ഞങ്ങള്‍ക്കാവൂ.

വിനയപൂര്‍വ്വം

തൊഴിലാളി വര്‍ഗ്ഗത്തിനായി നിരാഹാരം അനുഷ്ഠിക്കുന്ന

ഒരു സാധാരണക്കാരിയായ നഴ്‌സ്,

ജിജി ജേക്കബ്

Follow Us:
Download App:
  • android
  • ios