Asianet News MalayalamAsianet News Malayalam

ആലപ്പാട്: അനധികൃത ഖനനം തടയാനുള്ള സര്‍ക്കാര്‍ നടപടിയും അട്ടിമറിച്ചു

മൂന്ന് വര്‍ഷം മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാനായി 345 തസ്തിക സൃഷ്ടിച്ച കാര്യം ഈ ഉത്തരവില്‍ വ്യക്തമാകുന്നു

government order in alappad issue denied by IRE
Author
Alappad, First Published Jan 17, 2019, 9:54 AM IST

കൊല്ലം: ആലപ്പാട് നടക്കുന്ന അനധികൃത ഖനനം തടയാൻ സംസ്ഥാന സര്‍ക്കാര്‍ ഒരു പൊലീസ് സ്റ്റേഷൻ ഐആര്‍ഇയ്ക്ക് അകത്ത് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ആ ഉത്തരവ് അട്ടിമറിച്ചു. കരിമണല്‍ കടത്ത് നിരവധി തവണ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിലെ അന്വേഷണമെല്ലാം പാതി വഴിയില്‍ ഇഴയുകയാണ്.

മൂന്ന് വര്‍ഷം മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത്. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാനായി 345 തസ്തിക സൃഷ്ടിച്ച കാര്യം ഈ ഉത്തരവില്‍ വ്യക്തമാകുന്നു. ഇത് പ്രകാരം കൊല്ലം ഐആര്‍ഇയ്ക്ക് രണ്ട് അഡീഷണല്‍ എസ്ഐ അടക്കം 40 പൊലീസുകാരെ അനുവദിച്ചു.

നിയമനത്തിന് മുന്നോടിയായി ഐആര്‍ഇ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംസ്ഥാന പൊലീസ് ചില നിര്‍‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇവിടെ എത്തുന്നതും കടന്ന് പോകുന്നതുമായ എല്ലാ ലോറികളുടെയും രജിസ്റ്റര്‍ തയ്യാറാക്കണം, ലോറികളുടെ നമ്പറുകള്‍ എഴുതി സൂക്ഷിക്കണം, ഐആര്‍ഇയുടെ ഒരു കവാടത്ത് കൂടി ലോറി അകത്തേക്ക് പ്രവേശിപ്പിക്കണം, മറ്റേ കവാടത്തില്‍ക്കൂടി ലോറി പുറത്തേക്ക് ഇറക്കണം എന്നീ നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്.

എന്നാല്‍, ഇതെല്ലാം പൂര്‍ണ്ണമായി തള്ളി ഐആര്‍ഇ പൊലീസുകാരെ പടിക്ക് പുറത്ത് നിര്‍ത്തി.ഇനി ഇതോടെ രാത്രിയുടെ മറവിലും പട്ടാപ്പകലും ഐആര്‍ഇയില്‍ നിന്ന് പാസില്ലാത്ത ലോറികള്‍ കടന്ന് പോകുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍  ആറ് കേസുകളാണ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ അനധികൃത കടത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. രണ്ട് ലോറികള്‍ പിഴയടച്ച് രക്ഷപ്പെടുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios