Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റുകൾ മൂന്ന് മാസത്തിനകം പൊളിക്കും: വൈദ്യുതി വിച്ഛേദിക്കും, ഒഴിയില്ലെന്ന് ഉടമകൾ

മരട് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. ഫ്ലാറ്റുകൾ ഒഴിയില്ലെന്ന് ആവർത്തിച്ച് ഉടമകൾ. നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് സംസ്ഥാന സർക്കാർ. പുനരധിവാസത്തിന്  നഷ്ടപരിഹാരം ഈടാക്കാനും തീരുമാനം.

Government took strict decision in marad flat case, says flats will be demolished within three months
Author
Kochi, First Published Sep 25, 2019, 4:12 PM IST

കൊച്ചി: സുപ്രീംകോടതിയുടെ അന്ത്യശാസനം നിലനിൽക്കെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള  നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. മരടിലെ ഫ്ലാറ്റുകള്‍ മൂന്നുമാസത്തിനകം പൊളിക്കാനുള്ള കർമ്മ പദ്ധതി ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തെ അറിയിച്ചു. മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനൊപ്പം  ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫ്ലാറ്റ് പൊളിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും.

Read More : മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും;മൂന്നു മാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിക്കും

ഫ്ലാറ്റ് ഒഴിപ്പിക്കലിന്റെ ആദ്യപടിയെന്നോണം മരടിലെ ഫ്ലാറ്റുകളിൽ  വൈദ്യുതി വിച്ഛേദിക്കാനുള്ള നടപടി നഗരസഭ തുടങ്ങി. നാല് ഫ്ലാറ്റുകളിലും  കെഎസ്ഇബി ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിപ്പിച്ചു.നഗരസഭയുടെ നിർദേശപ്രകാരം നാളെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികരിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. 

അതേ സമയം ഫ്ലാറ്റുകൾ  പൊളിക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എ‍ഞ്ചിനീയറുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ സഹായം തേടിയതായി ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ഫോർട്ട് കൊച്ച്  സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്  അറിയിച്ചു. ചെന്നൈ ഐഐടി, കോഴിക്കോട് എൻഐടി , കുസാറ്റ് എന്നിവരുടെ സഹായവും ഇതിനായി തേടിയെന്നും സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. എന്നാൽ ഫ്ലാറ്റ് പൊളിക്കൽ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി മരട് മുൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിയാണ് സ്നേഹിൽ കുമാർ സിംഗിനെ സർക്കാർ നിയോഗിച്ചത്.

Read More : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഐഐടിയുടെ സഹായം തേടി സ്നേഹിൽ കുമാ‍‍ർ സിംഗ്

മറുവശത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് ഫ്ലാറ്റുടമകൾ. ഗ്യാസ് കണക്ഷനും കുടിവെള്ളവും നിർത്തലാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കടുത്ത  പ്രതിഷേധം നടത്തുമെന്നാണ് ഫ്ലാറ്റുടമകളുടെ  മുന്നറിയിപ്പ്. നിർമാതാക്കളെ കൂടാതെ  തെറ്റ് ചെയ്ത എല്ലാവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഫ്ലാറ്റുടമകൾ പ്രതികരിച്ചു. എന്തുവന്നാലും കിടപ്പാടം വിട്ടുകൊടുക്കില്ലെന്നും വൈദ്യുതി വിച്ഛേദിച്ചാൽ റാന്തൽ വെളിച്ചത്തിൽ സമരം തുടരുമെന്നും ആണ് ഫ്ലാറ്റുടമകളുടെ നിലപാട്.

Read More : എന്തുചെയ്താലും ഒഴി‌ഞ്ഞുപോവില്ല, വൈദ്യുതി വിച്ഛേദിക്കുന്നത് മനുഷ്യാവകാശ ലംഘനം: മരട് ഫ്ലാറ്റ് ഉടമകള്‍

വെളളവും വൈദ്യുതിയും പാചകവാതകവിതരണവും 27നകം  നി‍ർത്തണമെന്നാണ്  നഗരസഭയുടെ കത്ത്. വെള്ളം, വൈദ്യുതി കണക്ഷനുകൾ വിഛേദിക്കാൻ  കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും സഹായം തേടാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസവും ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി  മരട് കേസുമായി ബന്ധപ്പെട്ട ഹർജിയിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുന്നത്.

Read More : മരട് ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് കത്ത്

Follow Us:
Download App:
  • android
  • ios