Asianet News MalayalamAsianet News Malayalam

മദ്യവില്‍പന നിയന്ത്രണം: സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു

govt seeks alternatives in liquour shop ban issue
Author
First Published Apr 3, 2017, 7:35 AM IST

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയത് മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗ്ഗങ്ങള്‍ തേടുന്നു. സര്‍വ്വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമം. മദ്യശാലകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ നിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സും പരിഗണനയിലുണ്ട്. അതിനിടെ ബാറുകള്‍ പൂട്ടുന്നത്  ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സുപ്രീംകോടതി വിധിയോടെ പാതയോരത്തെ മദ്യവില്‍പന ശാലകളെല്ലാം പൂട്ടി. പ്രധാന വരുമാന ശ്രോതസ്സെന്നിരിക്കെ ഖജനാവിന് വന്‍ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍ . 15 ശതമാനം റവന്യു വരുമാനം വരുന്ന ടൂറിസം മേഖലക്ക് തീരുമാനം തിരിച്ചടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്.

പാതയോരത്തിരിക്കുന്ന 134 ബിവറേജസ് ഔട് ലറ്റുകളില്‍ തൊണ്ണൂറു ശതമാനവും മാറ്റിസ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തി. പക്ഷെ പ്രാദേശിക എതിര്‍പ്പാണ് പ്രശ്‌നം. മദ്യശാലകള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം ഇത് മറികടക്കുന്നതിനാണ് എന്‍ഒസി ചുമതലയില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ആലോചിക്കുന്നത്. സംസ്ഥാന പാതയെ ജില്ലാ പാതകളായി ഡി നോട്ടിഫൈ ചെയ്യുന്നതാണ് മറ്റൊരു പോം വഴി. പക്ഷെ പൊതുമരാമത്ത് മന്ത്രികൂടിയായ ജി സുധാകരന് എതിര്‍പ്പുണ്ട്. മദ്യശാലകള്‍ മാറ്റാന്‍ സാവകാശം ചോദിച്ച് വീണ്ടും കോടതിയെ സമീപിക്കുന്നതിന് നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും കേരളത്തിന് മാത്രമായി ഇളവ് കിട്ടാനുള്ള സാധ്യതയും കുറവ്. മലപ്പുറം തെരഞ്ഞെടുപ്പിന് ശേഷം പുതിയ മദ്യനയം ആവിഷ്‌കരിക്കണമെന്നിരിക്കെ സര്‍വ്വകക്ഷി യോഗമടക്കം സമവായ സാധ്യതകള്‍ക്കുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.

Follow Us:
Download App:
  • android
  • ios