Asianet News MalayalamAsianet News Malayalam

ജിഎസ്ടി; പാചകവാതകത്തിനും കുടിവെള്ളത്തിനും വില കുറയും

GST The price of cooking gas and drinking water will be reduced
Author
First Published Jan 19, 2018, 8:32 AM IST

ദില്ലി:  29 ഉത്പന്നങ്ങളുടേയും 53 സേവനങ്ങളുടേയും നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു. വജ്രത്തിന്റെ നികുതി മൂന്ന് ശതമാനത്തില്‍ നിന്ന് കാല്‍ ശതമാനമാക്കി. സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിനും 20 ലിറ്റര്‍ കുടിവെള്ളത്തിനും വില കുറയും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ച് ജിഎസ്ടിയില്‍ റിയല്‍ എസ്റ്റേറ്റിനെ ഉള്‍പ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.

ഉപയോഗിച്ച കാറിന്റെയും അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെയും നികുതി 28 ല്‍ നിന്ന് 18 ശതമാനമാക്കി. മധുരപലഹാരത്തിന്റെത് 18 ല്‍ നിന്ന് 12 ആയി. ഇതോടെ ഇവയുടെ വില കുറയും. സര്‍ക്കാരിന്റെ കരാര്‍ തൊഴില്‍, തുകല്‍, തയ്യല്‍, സര്‍ക്കാര്‍ നിയമസഹായം, വിവരാവകാശം എന്നിവയടക്കമുള്ള സേവനങ്ങളുടേയും ചെലവ് കുറയും. ചൈനീസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിന്‍സിന്റെ നികുതി 12 ശതമാനമായി നിലനിര്‍ത്തണമെന്ന് കൗണ്‍സില്‍ തീരുമാനിച്ചു. 

കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന സാനിറ്ററി നാപ്കിന്‍സിന് പ്രത്യേക പരിഗണ നല്‍കി നികുതി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം പത്ത് ദിവസത്തിന് ശേഷം നടക്കുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. കരകൗശല ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതും യോഗം പരിഗണിച്ചേക്കും. റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ കേരളം എതിര്‍ത്തു. തുടര്‍ന്ന് ചര്‍ച്ച മാറ്റി.

വാങ്ങുന്നയാളും വില്‍പ്പനക്കാരനും ഇന്‍വോയിസുകള്‍ കമ്പ്യൂട്ടറില്‍ സമര്‍പ്പിച്ചാല്‍ അപ്പോള്‍ തന്നെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം നന്ദന്‍ നിലേകാനി യോഗത്തില്‍ അവതരിപ്പിച്ചു. തീരുമാനം ചര്‍ച്ച ചെയ്ത ശേഷം നടപ്പാക്കും. മാര്‍ച്ച് ഒന്ന് മുതല്‍ ഇവേ ബില്ലിലേക്ക് മാറിയില്ലെങ്കില്‍ ചരക്ക് കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികളെടുക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് മൂന്നരയാക്കി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രവിഹിതം പൂര്‍ണമായും നല്‍കണമെന്ന ആവശ്യവും കേന്ദ്ര ബജറ്റിന് മുമ്പുള്ള ചര്‍ച്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios