Asianet News MalayalamAsianet News Malayalam

മിഠായിത്തെരുവില്‍ സംഘര്‍ഷം, കടകള്‍ക്ക് നേരെ കല്ലേറ്; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു

harthal protest in mittayitheruve
Author
Calicut, First Published Jan 3, 2019, 11:24 AM IST

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. പ്രകടനം നടത്തിയ വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി. ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ തുടങ്ങിയതോടെ മിഠായിതെരുവ് സംഘര്‍ഷഭരിതമാകുകയായിരുന്നു.

ഹര്‍ത്താല്‍ അനുകൂലികളും പൊലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കടകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കല്ലേറില്‍ വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചില കടകള്‍ ബലമായി അടപ്പിച്ചെങ്കിലും വ്യാപാരികള്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിലാണ്. 

അതേസമയം സംസ്ഥാനത്ത് പലയിടത്തും പൊലീസ് സംരക്ഷണയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കടകള്‍ ആക്രമിക്കപ്പെടുമെന്ന ആശങ്കയുണ്ടെങ്കിലും അടിക്കടിയുള്ള ഹര്‍ത്താലുകള്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പൊലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ വ്യക്തമാക്കി. തിരുവനന്തപുരതു കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികൾ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചാലയില ഉൾപ്പെടെ കടകൾ തുറന്നില്ല.

അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം നടക്കുകയാണ്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി.ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.  എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്‍റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.  മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  കാസർക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.  എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ്  കരുതൽ തടങ്കലിലാക്കിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.

 

Follow Us:
Download App:
  • android
  • ios