Asianet News MalayalamAsianet News Malayalam

എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. 

hc on ksrtc m panel employees
Author
Kochi, First Published Dec 14, 2018, 12:15 PM IST

 

കൊച്ചി: കെഎസ്ആര്‍ടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്ന കെഎസ്ആർടിസി എംഡിയുടെ  ഹർജി ഹൈക്കോടതി അനുവദിച്ചില്ല.  ഉത്തരവിനെ വിമർശിച്ച  കെഎസ്ആർടിസി എംഡിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച കോടതി, വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

പിഎസ്സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നൽകിയ ഹ‍ര്‍ജിയിലായിരുന്നു മുഴുവൻ എം. പാനൽ ജീവനക്കാരെയും പരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഒരാഴ്ചക്കകം തീരുമാനം നടപ്പാക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉത്തരവ് വേഗത്തിൽ  നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും 2 മാസത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് എം ഡി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

4017 പേരെ ഒരുമിച്ച് പിരിച്ചുവിടുമ്പോൾ കെഎസ്ആർടിസിയുടെ പ്രവർത്തനം തന്നെ സ്തംഭനത്തിൽ ആകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് കോടതിക്കറിയാമെന്ന്  ഡിവിഷൻ  ബ‌ഞ്ച് വ്യക്തമാക്കി.  ഒരു ദിവസം പോലും  ഇനി നീട്ടി നൽകാനാകില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞ എംഡി ടോമിൻ തച്ചങ്കരിയുടെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. എംഡിയെ വിളിച്ചു വരുത്താൻ അറിയാമെന്നും ആദ്യം ഉത്തരവ് നടപ്പാക്കുകയാണ് എം.ഡി വേണ്ടെന്നും  വ്യക്തമാക്കി.  വിധി നടപ്പാക്കി റിപ്പോർട്ട് തിങ്കഴാച കോടതി അറിയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.  

ഇതിനിടെ കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് 94 ഓളം എം. പാനൽ ജീവനക്കാർക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹ‍ർജികൾ ഇന്ന് പരിഗണിക്കാൻ കോടതി തയ്യാറായിട്ടില്ല. പത്ത് വർഷത്തിൽ താഴെ സർവ്വീസുള്ളതും വർഷത്തിൽ 120 ദിവസത്തൽ കുറവ് ജോലി ചെയ്തവരുമായി മുഴുവൻ എം. പാനൽ ജീവനക്കാരെയും പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Follow Us:
Download App:
  • android
  • ios