Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ ഭൂ പ്രശ്നം: ഹൈറേഞ്ച് സംരക്ഷണ സമിതി സമരം തുടങ്ങുന്നു

High Range Samrakshana Samithi rift blunts protest
Author
New Delhi, First Published Aug 20, 2016, 4:02 AM IST

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം ആരംഭിക്കുന്നു.  ഇതിൻറെ ഭാഗമായി ഓഗസ്റ്റ് 30-ന് ചെറുതോണിയിൽ ഏകദിന ഉപവാസം നടത്തും.

ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിലെ ആശങ്കകൾ ഒഴിവാക്കുക, കെട്ടിട നിർമ്മാണ നിരോധനത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി വീണ്ടും സമരം ആരംഭിക്കുന്നത്.  

പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ ആദ്യത്തെ ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം. എൽഡിഎഫ് സർക്കാർ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് സമിതിയുടെ വിശ്വാസം. നടപടികൾ വേഗത്തിലാക്കുന്നതിന് സർക്കാരിന്‍റെ ശ്രദ്ധയാകർഷിക്കാനാണ് ഉപവാസം.

ജില്ലയിലെ പല വില്ലേജുകളിൽ കെട്ടിട നിർമ്മാണം ഇപ്പോൾ റവന്യൂ വകുപ്പ് തടഞ്ഞിരിക്കുകയാണ്.  ഇത് പുന പരിശോധിക്കണം.  ആറു മാസത്തിനുള്ളിൽ കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിലെ ആശങ്ക ഒഴിവാക്കാൻ കേന്ദ്ര സർ‍ക്കാർ തയ്യാറാകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഇടുക്കിയിലെ വിവിധ വില്ലേജുകളിൽ റീസർവ്വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു.  30- തീയതിയിലെ ഉപവാസത്തിനു ശേഷം മറ്റു സമര പരിപാടികൾ തീരുമാനിക്കും.

Follow Us:
Download App:
  • android
  • ios