Asianet News MalayalamAsianet News Malayalam

ആസാമിയായ മലയാളി ഹിമാദ്രിയെ മുഖ്യമന്ത്രിക്ക് കാണണം

Himadri Maji Pinarayi vijayan Republic day Asami Student
Author
First Published Jan 14, 2018, 9:44 AM IST

മലപ്പുറം: ആസാമില്‍ നിന്നെത്തി മലയാളത്തെ നെഞ്ചോട് ചേര്‍ത്ത ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറം പുലമാന്തോളില്‍. അരക്ഷിതമായ അസമിന്‍റെ മണ്ണില്‍ നിന്ന് ഉപജീവനത്തിന്‍റെ പച്ചപ്പ് തേടി കേരളത്തിലേക്ക് വണ്ടികയറിയ അഭിലാഷ് മാജിയുടെയും പുരോബിയുടെയും മകള്‍ ഹിമാദ്രി മാജി. മലയാളം നെഞ്ചിലേറ്റിയ അസം ബാലിക പഠനത്തോടൊപ്പം മലയാളം  കൈയക്ഷര, വായനാ മത്സരങ്ങളില്‍ മികവ് തെളിയിച്ചു. കേരളത്തോടുള്ള സ്നേഹം വെളിപ്പെടുത്തിയും പഠനമികവിന്‍റെ നേട്ടങ്ങളിലും നിരന്തരം വാര്‍ത്തയായ ഹിമാദ്രി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഹിമാദ്രിയെ കാണാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അന്തര്‍ സംസ്ഥാന തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ചെചെയ്യുന്ന മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനും  ഈ മിടുക്കിക്ക് അവസരമുണ്ട്. 

മലപ്പുറം പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹിമാദ്രി. രണ്ടാം ക്ലാസുവരെ അസമിലാണ് ഹിമാദ്രി പഠിച്ചത്. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ വീണ്ടും ഒന്നാം ക്ലാസില്‍ പഠനം തുടങ്ങി. കൈയെഴുത്ത് മത്സരത്തില്‍ മലയാളികളെ പിന്തള്ളി ഒന്നാമതെത്തി. പോസ്റ്റര്‍ രചനാ മത്സരംത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം. സ്കൂള്‍ തല പരീക്ഷകളില്‍ എന്നും ക്ലാസില്‍ ‍ഒന്നാം സ്ഥാനം- ഇങ്ങനെ നിരവധി നേട്ടങ്ങളുടെ നെറുകയിലെത്തിയ ഹിമാദ്രിക്ക് മുഖ്യമന്ത്രിയെ കാണാനും അവസരമൊരുങ്ങുകയാണ്.
 

Follow Us:
Download App:
  • android
  • ios