Asianet News MalayalamAsianet News Malayalam

അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് മോദി തറക്കല്ലിടും

Hindu Temple in Abudabi
Author
First Published Feb 9, 2018, 12:11 AM IST

യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അബുദാബിയിലെ ആദ്യത്തെ ഹൈന്ദവക്ഷേത്രത്തിന് തറക്കല്ലിടും. ക്ഷേത്രം നിര്‍മ്മിക്കാനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് യുഎഇ ഭരണകൂടം അനുദിച്ചത്.

അബുദാബി, ദുബായി, അലൈന്‍ എന്നീ എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാന്‍കഴിയുന്ന അല്‍റഹ്ബയിലാണ് ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചിട്ടുള്ളത്. മറ്റുമതങ്ങളെയും സംസ്‌കാരങ്ങളെയും മാനിക്കുന്ന നിലപാട് സ്വീകരിക്കുന്ന യുഎഇ ക്ഷേത്ര നിര്‍മാണത്തിനായി 55,000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് അനുവദിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ദുബായിലെ ഒപേര ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കും. ഇതിനു പിന്നാലെ ക്ഷേത്രത്തിനു അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടാകും. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഒപേരയില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഡെല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ ശില്‍പഭംഗിയുള്ള 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുക. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രമെന്നതിനാല്‍ യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായിക്കും. അബുദാബി അല്‍ റഹ്ബയില്‍ തുലിപ് ഇന്‍ ഹോട്ടലിന് സമീപം ക്ഷേത്രത്തിന് പുറമെ വിനോദ സഞ്ചാരത്തിന് ആവശ്യമായ ഹോട്ടല്‍ ഉദ്യാനം ലൈബ്രറി തുടങ്ങിയവയും സ്ഥാപിക്കും.2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios