Asianet News MalayalamAsianet News Malayalam

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ വന്‍കിട ആശുപത്രിയുടെ പദ്ധതി അവതരിപ്പിച്ചു

hospital project of una is presented
Author
First Published Nov 17, 2017, 10:34 PM IST

തൃശൂര്‍: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെയും ഐഎംഎയെയും അമ്പരിപ്പിച്ച് നഴ്‌സുമാരുടെ മുല്ലപ്പു വിപ്ലവം തീര്‍ത്ത യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ (യുഎന്‍എ) വന്‍കിട ആശുപത്രിക്ക് പദ്ധതി അവതരണം. സംഘടനയുടെ ആറാം സംസ്ഥാന സമ്മേളന സമാപന വേദിയില്‍   വി.എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തിലായിരുന്നു യുഎന്‍എ ഇന്‍റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.എം നൗഫല്‍ പദ്ധതി അവതരിപ്പിച്ചത്.

ആറ് മാസം കൊണ്ട് യുഎന്‍എ എന്ന ഫേസ്ബുക്ക് കൂട്ടായ്മ അറബിക്കടലില്‍ താഴുമെന്ന് നാല് വര്‍ഷം മുമ്പാണ് ഐഎംഎ ഭാരവാഹികളും ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയഷനും പറഞ്ഞത്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും മധുരപ്രതികാരവും ആയിരുന്നു പദ്ധതി അവതരണം. പതിനെട്ട് രാജ്യങ്ങളില്‍ ശക്തമായ വേരോട്ടവും മുപ്പതോളം രാഷ്ട്രങ്ങളില്‍ പ്രാതിനിധ്യവുമുള്ള യുഎന്‍എയ്ക്ക് 23,200 പ്രവാസി അംഗങ്ങളുണ്ട്.

പ്രവാസി അംഗങ്ങളില്‍ 987 പേര്‍ ഇതിനകം തന്നെ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ഓഹരി നിക്ഷേപിച്ചു കഴിഞ്ഞു. ശേഷിക്കുന്നവരുടെ സഹകരണ വാഗ്ദാനവും വന്നു. ഇതോടൊപ്പം കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും യുഎന്‍എ അംഗങ്ങളായ നഴ്‌സുമാരും ഓഹരി നിക്ഷേപത്തിന് താല്‍പ്പര്യവും അറിയിച്ചിരിക്കുന്നു. ദൈവങ്ങളുടെ സ്വന്തം നാട്ടില്‍ ജനിച്ച് വളര്‍ന്ന് ജന്മദേശത്തും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുമായി സഹനസേവനം ചെയ്യുന്നവരാണ് മലയാളി നഴസുമാര്‍.

നഴ്‌സുമാരുടെ മഹത്വമെന്തെന്ന് കേരളത്തില്‍ രണ്ടാം സന്ദര്‍ശനത്തിനെത്തിയ ഇന്ത്യയുടെ രാഷ്ട്രപതി ആദരണീയനായ ശ്രീ രാംനാഥ് കോവിന്ദ് പരാമര്‍ശിച്ചത് ലോകം കേട്ടതാണ്. മറ്റുള്ളവര്‍ നമ്മെ വിലയിരുത്തുമ്പോഴാണ് എന്തിനാണ് നാം സൃഷ്ടിക്കപ്പെട്ടതെന്ന ബോധ്യം ചിന്തകളിലുണ്ടാവുന്നത്. എന്നാല്‍ കേരളത്തിലും പുറത്തും സേവനമനുഷ്ടിക്കുന്ന നഴ്‌സുമാരുടെ ജീവിതം എങ്ങിനെയെന്ന് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതിക്കുപോലും വ്യക്തമല്ലെന്ന ബോധ്യമാണ് നഴ്‌സിനുള്ളതെന്ന് യുഎന്‍എ ഇന്റര്‍നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍ എന്‍ എം നൗഫല്‍ പറയുന്നു.

സഹതാപം പറയുന്ന ഭൂരിഭാഗം പേരും നഴ്‌സുമാരുടെ സങ്കടം തീര്‍ക്കാന്‍ മനസുകാട്ടുന്നവരല്ല. എന്നാല്‍, പ്രവാസികളായ നഴ്‌സുമാര്‍ക്ക് കേരളത്തിലെ നഴ്‌സുമാരുടെ കണ്ണീര്‍ താങ്ങാവുന്നതിലുമപ്പുറമാണ്. യുഎന്‍എ എന്നത് ലോകത്താകമാനമായുള്ള നഴ്‌സുമാര്‍ക്ക് ജീവവായുവും.

യുഎന്‍എ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനും ജില്ലാ കേന്ദ്രങ്ങളിലെ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതികാരനടപടികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്നെ മാനേജ്‌മെന്റുകളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമങ്ങളെ പോലും വിലകല്‍പ്പിക്കാത്ത മാനേജ്‌മെന്റുകള്‍ നഴ്‌സുമാര്‍ക്ക് നേരെ  തനിനിറം കാട്ടി. വെള്ളിയാഴ്ച 103 ദിവസം പിന്നിട്ട കോട്ടയത്തെ ഭാരത് ആശുപത്രിലെയും 89 ദിവസം പിന്നിട്ട ചേര്‍ത്തലയിലെ കെവിഎം ആശുപത്രികളിലെയും യുഎന്‍എയുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാനാവാതെ നീണ്ടുപോകുന്നത് പ്രവാസി സമൂഹത്തെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ഭരണകൂടം കയ്യുംകെട്ടി നോക്കി നില്‍ക്കുന്നത് നൂറ് കണക്കിന് നഴ്‌സുമാരുടെ ജീവിതങ്ങളുടെ മുന്നില്‍ മാത്രമല്ല സമീപവാസികളടക്കം വലിയൊരു ജനതയുടെ ആരോഗ്യത്തിനു മുന്നിലുമാണ്. 

ചേര്‍ത്തലയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടിയത് ഇതിനുദാഹരണമാണ്. ഈ ഒരു നടപടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരോടുള്ള അവഗണനയും അവഹേളനവുമായാണ് തങ്ങള്‍ കണ്ടതെന്ന് നൗഫല്‍ പറഞ്ഞു. കെവിഎമ്മിന്റെ കവാടം ചേര്‍ത്തലയില്‍ അടച്ചിട്ട് മണിക്കൂറുകള്‍ക്കകം കാനഡയില്‍ നിന്ന് ലോകമലയാളി നഴ്‌സുമാര്‍ക്ക് വേണ്ടി യുഎന്‍എയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആ സന്തോഷവര്‍ത്തമാനം പങ്കുവച്ചു. ഇന്ത്യയിലാദ്യമായി നഴ്‌സുമാരുടേതായ ഒരാശുപത്രിക്ക് തുടക്കംകുറിക്കുന്ന സന്തോഷവാര്‍ത്തയായിരുന്നു ജിതിന്‍ ലോഹി പങ്കുവച്ചത്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് കൊച്ചിയില്‍ നിര്‍വഹിച്ചത്.

ആശുപത്രി തുടങ്ങുമെന്ന് ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ചതിന് പിറകെ കളിയാക്കാനായിരുന്നു എതിരാളികള്‍ തങ്ങളുടെ ഫേസ്ബുക്ക് വോളുകള്‍ ഉപയോഗിച്ചത്. എന്നാല്‍, പ്രഖ്യാപിച്ചത് നടപ്പിലാക്കുകയെന്ന യുഎന്‍എയുടെ പ്രഖ്യാപിത നയം പ്രവാസി നഴ്‌സുമാര്‍ ഏറ്റെടുക്കുകയാണ്. 18 രാജ്യങ്ങളിലെയും യുഎന്‍എയുടെ കോ ഓര്‍ഡിനേറ്റര്‍മാര്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള തീവ്രശ്രമത്തിലാണ്. ചെന്നൈയിലെ വിദഗദ്ധരായ ഒരു സംഘമാണ് ആശുപത്രിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നത്. അവര്‍ ആ ദൗത്യം ഏറ്റെടുത്ത് നിര്‍വഹണത്തിലാണ്. ഉടനെ അത് യുഎന്‍എയ്ക്ക് ലഭിക്കും.

സാധാരണക്കാരനെ വെല്ലുവിളിച്ച് ആശുപത്രി അടച്ചുപൂട്ടിയ ചേര്‍ത്തലയില്‍ തന്നെ യുഎന്‍എയുടെ ആതുരാലയം ഉയരുന്നത്. ഇതുതന്നെയാണ് നഴ്സുമാര്ക്ക് ഊര്‍ജ്ജം പകരുന്നതും. കേവലം നഴ്‌സുമാരുടെ ഒരു സ്ഥാപനമെന്നതിലപ്പുറം പൊതുജന പങ്കാളിത്തവും യുഎന്‍എ ലക്ഷ്യമിടുന്നു. എങ്കിലും ഒരു ലിമിറ്റഡ് കമ്പനി രൂപത്തിലായിരിക്കും ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനവും. മുഴുവന്‍ തൊഴില്‍ നിയമങ്ങളും പാലിച്ച് വിദേശ രീതിയിലുള്ള അത്യാധുനിക സംവിധാനങ്ങളോടെ ആയിരിക്കും ആശുപത്രിയുടെ മുഴുവന്‍ സേവനങ്ങളുമെന്ന് നൗഫല്‍ വ്യക്തമാക്കി.

അമേരിക്ക, യുകെ, ന്യൂസിലന്റ്, ഓസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ നഴ്‌സിംഗ് പ്രാക്ട്രീഷണര്‍മാരുടെ പിന്തുണ ആശുപത്രിക്കുണ്ടാവും. കേരളത്തിനകത്തും പുറത്തും മറ്റുരാജ്യങ്ങളുമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന 32 വിദഗദ്ധ ഡോക്ടര്‍മാര്‍ ഇതിനകം യുഎന്‍എയോട് സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരുടെയും മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും നന്മയാര്‍ന്ന മനസുകളെ ഇവിടെ തങ്ങള്‍ ഒന്നിപ്പിക്കും. പണത്തിനേക്കാള്‍ ഉപരി സാധാരണക്കാരന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുകയാണ് പദ്ധതിയിലൂടെ യുഎന്‍എ ചെയ്യുന്നത്. ജാതി വര്‍ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന യുഎന്‍എയുടെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 2018ല്‍ നടക്കുമെന്നും യുഎന്‍എ ഇന്‍റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios