Asianet News MalayalamAsianet News Malayalam

ഇടുക്കി മെഡിക്കല്‍ കോളേജിന്‍റെ ഭാവി തുലാസില്‍

idukki medical college
Author
First Published Jul 2, 2016, 7:06 AM IST

പൈനാവ്: ഇടുക്കി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാത്ത കോളജില്‍, മെഡിക്കല്‍ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് കുട്ടികള്‍. നിരവധി പോരായ്മകള്‍ ചൂണ്ടിക്കാട്ടി മൂന്നാം ബാച്ച് എംബിബിഎസ് പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞതോടെ സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍

പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പ്രഗല്‍ഭരായ അധ്യാപകരുടെ കീ‍ഴില്‍ എംബിബിഎസ് ബിരുദം നേടാനെത്തിയ 100 കുട്ടികളാണ് ഇപ്പോള്‍ ഭാവി കരുപിടിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ദയക്ക് കാക്കുന്നത്. ഒരു മെഡിക്കല്‍ കോളേജിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാതെ ബോര്‍ഡ് മാറ്റിവച്ച് ക‍ഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ വികസനമാണ് ഇവരുടെ ഭാവി ഇരുട്ടിലാക്കിയത്. 

ഒരു ഹാള്‍ ഉണ്ടെങ്കില്‍ എംബിബിഎസ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങാമെന്ന കാര്യം കണക്കിലെടുത്ത് പ്രവേശനം നടത്തി. എന്നാല്‍ രണ്ടാം വര്‍ഷം, എല്ലുരോഗം, ത്വക് രോഗം , ശ്വാസകോശരോഗം ,മനോരോഗം , ഇ എന്‍ടി തുടങ്ങിയ വിഭാഗങ്ങളില്‍ ക്ലിനിക്കല്‍ പരിശീലനം വേണം. എന്നാല്‍ ഈ വിഭാഗങ്ങളിലൊന്നും അധ്യാപകരുടെ തസ്തികപോലും സൃഷ്ടിച്ചിട്ടില്ലെന്നത് വിചിത്രം.

ഇതെല്ലാം കണക്കിലെടുത്ത് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ പരിശീലനത്താനായി മാത്രം മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് താല്‍കാലികമായി മാറ്റിയെങ്കിലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആളില്ല. കണ്ടുപഠിക്കാന്‍ രോഗികളില്ല. താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യവുമില്ല .

ഈ കണക്കുകള്‍ കാണുക. ആകെ അനുവദിച്ചത് 129 അധ്യാപകരുടെ തസ്തികകള്‍. ഇതില്‍ 74 തസ്തികയും ഒ‍ഴിഞ്ഞുകിടക്കുന്നു . ഇനി എങ്ങനെ ക്ലാസുകള്‍ മുന്നോട്ടുപോകും. ഇടുക്കിയുടെ ദുരവസ്ഥ വ്യക്തമാക്കി ഈ കുട്ടികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കണം. അല്ലാത്തപക്ഷം 100 കുട്ടികളുടെ ഭാവി ഇല്ലാതാകും.

ബോര്‍ഡ് മാറ്റിവച്ച് വികസനം നടപ്പാക്കാനൊരുങ്ങിയ ഒരു സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ചയാണ് ഇടുക്കി മെഡിക്കല്‍ കോളജ്. താലൂക്ക് ആശുപത്രിയുടെ പോലും സൗകര്യമില്ലാത്ത ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി മാറ്റി. ആശുപത്രിയുടെ പ്രവര്‍ത്തനം ആരോഗ്യവകുപ്പിന് കീ‍ഴിലാണോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീ‍ഴിലാണോ എന്നതുപോലും വ്യക്തതയില്ല. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനകളില്‍  അപര്യാപ്തതകള്‍ അക്കമിട്ട് നിരത്തിയപ്പോഴും വോട്ട് മാത്രം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നീങ്ങിയതോടെയാണ് രോഗികളും മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു പോലെ ദുരിതത്തിലായത് .

മലയോര ജില്ലയായ ഇടുക്കിയിലെ ചികില്‍സ സൗകര്യം മെച്ചപ്പെടുത്താനും കൂടുതല്‍ ഡോക്ടര്‍മാരെ പഠിപ്പിച്ചിറക്കാനും യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇടുക്കിയിലെ പുതിയ മെഡിക്കല്‍ കോളേജ് . എന്നാല്‍ പൈനാവിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി മാറുമ്പോള്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. 

ഫലം ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ രോഗികള്‍ക്ക് കിട്ടുന്നുമില്ല മെഡിക്കല്‍ കോളജെന്നത് പേരിലൊതുങ്ങുകയും ചെയ്തു . മെഡിക്കല്‍ കോളജില്‍ അടിയന്തര ചികില്‍സ തേടിയെത്തുന്നവരെ രാപകല്‍ വ്യത്യാസമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും തൊടുപു‍ഴ താലൂക്ക് ആശുപത്രിയിലേക്കും റഫര്‍ ചെയ്യേണ്ട അവസ്ഥ

130 കിടക്കകളുള്ള ആശുപത്രിയില്‍ അനുമതി തേടാതെ തന്നെ 60 കിടക്കകള്‍ കൂടി ഒരുക്കി. എന്നാല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കീ‍ഴിലുള്ള ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരെത്തിയപ്പോള്‍ പരിശോധനാ സൗകര്യങ്ങളടക്കം ഒന്നും നല്‍കിയില്ല. ഫലം കിടക്കകള്‍ എല്ലാം ഒ‍ഴിഞ്ഞുതന്നെ കിടക്കുന്നു. തസ്കിത സൃഷ്ടിക്കാന്‍ കാട്ടിയ ഉല്‍സാഹം നിയമനത്തില്‍ കണ്ടതുമില്ല.

വകുപ്പുകള്‍ക്ക് പ്രത്യേകം ലൈബ്രറിയില്ല. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫോറന്‍സിക് മെഡിസിന്‍ എന്നിവയിലൊ‍ഴികെ മറ്റൊരു വകുപ്പും നിലവില്ലാത്ത അവസ്ഥ. കറന്‍റുപോയാല്‍ മെ‍ഴുകുതിരി ആശ്രയം. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്സ്റേ സ്കാനിങ് സംവിധാനങ്ങളോ ഫാര്‍മസിയോ ഇല്ല . ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേ‍ഴ്സോ യാത്രാ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. 

നിലവിലുള്ള കെട്ടിടത്തിനുമുകളില്‍ പുതിയ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും അതെത്രത്തോളം സുരക്ഷിതമാണെന്നതും ഉറപ്പുവരുത്തിയിട്ടില്ല . വോട്ടുനേടാന്‍ ഒരു സര്‍ക്കാര്‍ കാട്ടിയ വ്യഗ്രത ഒരു ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയെന്നുമാത്രമല്ല നിലവാരമില്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസത്തിനുകൂടി അടിത്തറയുമിട്ടു.

അതേ സമയം മുൻ സർക്കാർ എല്ലാ സൗകര്യങ്ങൾ ഒരുക്കിയിട്ടും നിയമിച്ച ഡോക്ടർമാർ ഇടുക്കി മെഡി.കോളേജിലേക്ക് പോകാൻ തയ്യാറാകുന്നില്ല എന്ന് മുൻ ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ. ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ അവസ്ഥയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

സൗകര്യങ്ങളൊരുക്കിയ  ശേഷം  മാത്രമേ  ഇടുക്കി  ജില്ലാ  ആശുപത്രിയെ  മെഡിക്കല്‍  കോളജാക്കി  മാറ്റുകയുള്ളൂവെന്ന്  ആരോഗ്യവകുപ്പ്  സെക്രട്ടറി  രാജീവ്  സദാനന്ദന്‍  ഏഷ്യാനെറ്റ്  ന്യൂസിനോട്. ഈ  വര്‍ഷം  പ്രവേശനം  നടത്തില്ല . ഇപ്പോള്‍  പഠിക്കുന്ന 100 കുട്ടികളെ  നിലവിലുള്ള  മറ്റ്  മെഡിക്കല്‍  കോളജുകളിലേക്ക്  മാറ്റുന്നതടക്കം  വിദ്യാര്‍ഥികളുടെ  ഭാവി  സംരക്ഷിക്കാനുള്ള  തീരുമാനങ്ങള്‍  സര്‍ക്കാര്‍  കൈക്കൊള്ളുമെന്നും  സെക്രട്ടറി  പറഞ്ഞു. 

Follow Us:
Download App:
  • android
  • ios