Asianet News MalayalamAsianet News Malayalam

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് ഒന്നാം വാര്‍ഷികം; പ്രതിരോധമന്ത്രി കാശ്മീരില്‍

india one year celebration on surgical strike against pakistan
Author
First Published Sep 29, 2017, 10:26 AM IST

ശ്രീനഗര്‍: പാക് അധിന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ഇന്ന് ഒന്നാം വാര്‍ഷികം. ഉറി ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തത്.  അതിനിടെ ഇന്ന് ജമ്മുകശ്മീരിലെത്തുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സുരക്ഷ വിലയിരുത്തും

2016 സെപ്റ്റംബര്‍ 18ന് 17 സൈനികരുടെ ജീവനെടുത്ത്  ജമ്മുകശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ ലഷ്‌കര്‍ ഭീകരര്‍ നടക്കിയ ആക്രമണത്തിന് പത്ത് ദിവസത്തിന് ശേഷം ഇന്ത്യയുടെ മറുപടി. പാക് അധീന കശ്മീരിലെ പിര്‍ പാഞ്ചല്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. എത്രയാളുകള്‍ കൊല്ലപ്പെട്ടെന്നോ നാശനഷ്ടമുണ്ടായെന്നോ വ്യക്തമാക്കാതെയാണ് സിനിക നടപടിയുടെ ഡയറക്ടര്‍ ജനറലായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. 

ഇന്ത്യയുടെ അവകാശവാദം പാകിസ്ഥാന്‍ തള്ളി. കോണ്‍ഗ്രസ് തെളിവു ചോദിച്ചു. ഭീകരരുടെ പരിശീലനകേന്ദ്രങ്ങളും ഒളിത്താവളങ്ങളും തകര്‍ത്ത മിന്നലാക്രമണം ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രചാരണായുധമാക്കി. ആവശ്യമെങ്കില്‍ വീണ്ടും  മിന്നലാക്രമണം നടത്തുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.  മിന്നലാക്രമണത്തിന് ശേഷം 450 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.  

മുന്‍വര്‍ഷം  പാക് ആക്രമണത്തില്‍ 38 സൈനികര്‍ മരിച്ചിടത്ത് മിന്നാലാക്രമണത്തിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ  70 സൈനികര്‍ മരിച്ചു.  തിരിച്ചടിയില്‍ ഇന്ത്യ 188 ഭീകരരെ വധിച്ചു. മുന്‍വര്‍ഷം 100 ഭീകരരെയാണ് സൈന്യം വധിച്ചത്.  മിന്നാലാക്രമണത്തിന് ഒരു വര്‍ഷം കഴിയുന്‌പോഴും അതിര്‍ത്തിയില്‍ അശാന്തി തുടരുകയാണ്.

സുരക്ഷ വിലയിരുത്താന്‍ ഇന്ന് ശ്രീനഗറിലെത്തുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷ സന്നാഹങ്ങള്‍ വിലയിരുത്തും. നാളെ സിയാച്ചെനും പ്രതിരോധമന്ത്രി സന്ദര്‍ശിക്കും.

Follow Us:
Download App:
  • android
  • ios