Asianet News MalayalamAsianet News Malayalam

ഐഎസ്ഐ ബന്ധം: പിടിയിലായാളുടെ ബിജെപി ബന്ധം വിവാദമാകുന്നു

ISI agents arrested in Madhya Pradesh linked to BJP
Author
New Delhi, First Published Feb 12, 2017, 4:35 AM IST

ഭോപ്പാല്‍: ഐഎസ്‌ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പിടിയിലായവരില്‍ ബിജെപി നേതാവും ഉണ്ടെന്ന് ആരോപണം. മധ്യപ്രദേശ് ഐടി സെല്‍ ജില്ലാ കോര്‍ഡിനേറ്ററായ ധ്രുവ് സക്‌സേനയാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇയാള്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനൊപ്പം പൊതുപരിപാടിയുടെ വേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് ബിജെപിയെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്.  കാവിക്കുപ്പായം ധരിച്ച് തലയില്‍ കാവിതൊപ്പി വെച്ചുള്ള ധ്രുവിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ധ്രുവ് സക്‌സേനയുടെ ബിജെപി ബന്ധം വെളിച്ചത്തായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും മുഖ്യമന്ത്രിയുടേയും കോലം കത്തിച്ച പ്രവര്‍ത്തകര്‍ ഐഎസ്‌ഐ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

സംസ്‌കാരത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവരാണ് ബിജെപിക്കാര്‍. ഐഎസ്‌ഐ ചാരന്‍മാര്‍ സംസ്ഥാനത്തെമ്പാടും നിന്നും പിടിയിലായി. അവരില്‍ ബിജെപി നേതാക്കളുമുണ്ട്. അവര്‍ക്ക് മുതിര്‍ന്ന ബിജെപി നേതാക്കളുമായി ബന്ധവുമുണ്ട്. ധ്രുവ് സക്‌സേനയ്ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണം ബിജെപി തള്ളിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഐഎസ്‌ഐ ചാരന്‍മാര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നക്‌സലുകള്‍ക്കും ദേശവിരുദ്ധര്‍ക്കും ഭീകരര്‍ക്കും മതവും ജാതിയുമില്ല. ആര്‍ക്കും ആര്‍ക്കൊപ്പം നിന്നും ഫോട്ടോയുമെടുക്കാമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദ് കുമാര്‍ സിങ് ചൗഹാന്റെ പ്രതികരണം. രാജ്യാന്തര കോള്‍ റാക്കറ്റിലെ കണ്ണികളാണ് മധ്യപ്രദേശില്‍ പിടിയിലായ 11 ഐഎസ്‌ഐ ചാരന്‍മാര്‍. പാകിസ്താന് വിവരങ്ങള്‍ കൈമാറാന്‍ ഇവര്‍ക്ക് സ്വന്തമായി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ നടത്തിയിരുന്നു. 

ഇവരില്‍ നിന്നും സിം ബോക്‌സുകളും ചൈനീസ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഐപിസി 122, 123 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios