Asianet News MalayalamAsianet News Malayalam

സെന്‍കുമാര്‍ ഇടതുമുന്നണിക്ക് അനഭിമതനായത് ഇങ്ങനെ

issues between tp senkumar and ldf governments
Author
First Published Apr 24, 2017, 6:49 AM IST

തിരുവനന്തപുരം: 2006 മുതല്‍ സംസ്ഥാനത്ത് ഇടത് മുന്നണി സര്‍ക്കാറുകള്‍ അധികാരത്തിലെത്തിയപ്പോഴൊക്കെ സെന്‍കുമാറിനെ പൊലീസിലെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 1983 ബാച്ചിലെ ഐ.പി.എസ് ഉദ്ദ്യോഗസ്ഥനായ ടി.പി സെന്‍കുമാര്‍ 2004ലാണ് വിജിലന്‍സ് ഐ.ജിയായി നിയമിതനായത്. തുടക്കത്തില്‍ തലശ്ശേരിയിലും കണ്ണൂരിലും എ.എസ്‌.പിയായും 1991 മുതല്‍ 1995 വരെ ഗവര്‍ണറുടെ എ.ഡി.സിയായും, പിന്നീട് ഒരു വര്‍ഷത്തോളം കൊച്ചി പൊലീസ് കമ്മീഷണറായും സെന്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ല്‍ തിരുവനന്തപുരം എം.ജി കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിക്കിടയ്‌ക്കിടെ വിദ്യാര്‍ത്ഥികളെ ക്ലാസ്സ് മുറിയില്‍ കയറി തല്ലിയതിന് കോണ്‍സ്റ്റബളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു അന്ന് സെന്‍കുമാറിന്റെ മറുപടി.

2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ സെന്‍കുമാറിനെ പൊലീസ് വകുപ്പില്‍ നിന്നു മാറ്റി കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചു. 2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും നിയമനം നല്‍കി. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയപ്പോഴാണ്  വീണ്ടും പൊലീസ് വകുപ്പിലേക്ക് പുനഃപ്രവേശനം കിട്ടിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയില്‍ ഡി.ജി.പി സ്ഥാനത്തുനിന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി സെന്‍കുമാറിന് ജയില്‍ ഡി.ജി.പിയുടെ അധികച്ചുമതല കൂടി ന‌ല്‍കി. 2015 മേയ് 31ന് ഡി.ജി.പി ബാലസുബ്രമണ്യം വിരമിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായി.
 
സീനിയോറിറ്റിയില്‍ മഹേഷ് കുമാര്‍ സിംഹ്ലയെ മറികടന്നാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ, സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ഡി.ജി.പിയായി നിയമിക്കപ്പെടുന്നയാള്‍ രണ്ട് വര്‍ഷമെങ്കിലും ആ പദവിയിലിരിക്കണം. ഇത് കണക്കിലെടുത്താണ് രണ്ട് വര്‍ഷംകൂടി സര്‍വീസ് ഉള്ള സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിലെ കര്‍ശന നിലപാട് സി.പി.എമ്മിന്റെ വിരോധം നേടി. ജയില്‍ ഡി.ജി.പിയുടെ ചുമതല വഹിച്ചപ്പോള്‍ ടി.പി കേസിലെ പ്രതികള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായിരുന്നു.
 
2016 ഏപ്രില്‍ 10ന് ഉണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടു മറികടന്ന് കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതും, പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാഞ്ഞതും സെന്‍കുമാറിന് വിനയായി. ഇത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ തന്നെ, 2016 ജൂണ്‍ 1ന്, സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയായി സ്ഥലം മാറ്റി പകരം 1983 ബാച്ച് ഐ.പി.എസ് ഓഫീസറായ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ചത്. തന്നെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നീണ്ട അവധിയില്‍ പ്രവേശിക്കുകയും സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്‍ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു.

എട്ട് മാസത്തിനു ശേഷം, തന്നെ സര്‍വീസില്‍ തിരികെയെടുക്കണമെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചതിനെത്തുടര്‍ന്ന് 2017 ഫെബ്രുവരി 17ന് ഐ.എം.ജി ഡയറക്ടര്‍ ജനറലായി നിയമിച്ചു. 2017 ജൂണ്‍ 30 വരെ സെന്‍കുമാറിന് സര്‍വീസുണ്ട്. സെന്‍കുമാര്‍ രാഷ്‌ട്രീയ എതിരാളിയല്ല, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥനായതിനാലാണ് സ്ഥലം മാറ്റിയതെന്ന് 2017 മാര്‍ച്ച് 23ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാര്‍ സത്യവാങ്മൂലം കളവാണെന്ന് രേഖകള്‍ സഹിതം സെന്‍കുമാര്‍ മാര്‍ച്ച് 25ന് എതിര്‍ സത്യവാങ്മൂലം നല്‍കി. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും, പുറ്റിങ്ങല്‍, ജിഷ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും മാര്‍ച്ച് 30ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
ഏപ്രില്‍ 10 ന് രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശത്തിനായി കേസ് രണ്ട് ദിവസം നീട്ടി വെയ്‌ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സുപ്രീം കോടതി തള്ളുകയും കേസ് അന്ന് തന്നെ പരിഗണിക്കുകയും ചെയ്തു. ഏപ്രില്‍ 11ന് ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി.സെന്‍കുമാര്‍ നല്‍കിയ കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. സെന്‍കുമാറിനെ മാറ്റാന്‍ കാരണമായ 2016 മെയ് 26ലെ ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഒരു വാക്കം മിണ്ടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനവും അത് ശരിവെച്ച ഹൈക്കോടതി ഉത്തരവും ഇന്ന് റദ്ദാക്കി സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ ഉത്തരവിട്ടത്.

Follow Us:
Download App:
  • android
  • ios