Asianet News MalayalamAsianet News Malayalam

ജയറാം ശബരിമല സന്നിധാനത്ത് ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Jayaram idaykka in sabarimala is a crime scandal by vigilance
Author
First Published Nov 22, 2017, 10:03 AM IST

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കഴിഞ്ഞ വിഷു ഉത്സവക്കാലത്ത് നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക വായിച്ചത് കടുത്ത ആചാര ലംഘനമാണെന്ന് കണ്ടെത്തിയത്. ശ്രദ്ധയില്‍പെട്ടിട്ടും ആചാരലംഘനം തടയാതിരുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ആര്‍. പ്രശാന്ത് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ പത്തിനു ഉഷഃപൂജ സമയത്ത് സോപാനത്തില്‍ ദര്‍ശനത്തിനെത്തിയ ജയറാം ചട്ടവിരുദ്ധമായി സോപാന സംഗീതത്തോടൊപ്പം ഇടയ്ക്ക കൊട്ടിയെന്നും കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്നയാള്‍ ക്രമംതെറ്റിച്ച് പൂജ നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ദേവസ്വം മന്ത്രി ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സന്നിധാനത്ത് നടന്‍ ജയറാം ഇടയ്ക്കവായിച്ചതില്‍ ആചാരലംഘനമെന്ന് വിശദമാക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാറായിരുന്നു ഇടയ്ക്ക വായിക്കേണ്ടിയിരുന്നത്. ഇത് ലംഘിച്ച് ജയറാം ഇടയ്ക്ക വായിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സോപാനം സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ക്കും വലിയ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ശബരിമലയില്‍ സ്ഥിരമായി സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തുന്നവരെ ഒഴിവാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios