Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ കെ സുരേന്ദ്രന് ജാമ്യം; ജയില്‍ മോചിതനാകില്ല

കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയാലും മറ്റ് കേസുകളുള്ളതിനാൽ കെ.സുരേന്ദ്രൻ ജയിൽമോചിതനാവില്ല.

K surendran got bail in kannur police threaten case
Author
Kannur, First Published Nov 26, 2018, 11:32 AM IST

കണ്ണൂര്‍: കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരാകണമെന്ന് അറിയിക്കുന്ന സമൻസ് കിട്ടിയില്ലെന്നു കെ സുരേന്ദ്രൻ  കോടതിയെ അറിയിച്ചു. പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രൻ വീണ്ടും ഹാജരാകണം.

ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.  ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.  സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം. 

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കിയിരുന്നു.

അതേസമയം കേസില്‍ സുരേന്ദ്രന്‍ ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.

Follow Us:
Download App:
  • android
  • ios