Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രനുമായി പൊലീസ് കണ്ണൂരിലേക്ക്; കോടതിയില്‍ ഹാജരാക്കും

ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന  കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട്

K surendran will be produced before magistrate court kannur
Author
Kerala, First Published Nov 26, 2018, 9:09 AM IST

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന  കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇന്ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കണ്ണൂരില്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട്. കോടതിയില്‍ ഹാജരാക്കാനായി സുരേന്ദ്രനെ ഇന്നലെ കോഴിക്കോട്ട് എത്തിച്ചിരുന്നു. പൊലീസിന്റേത് മനുഷ്യാവകാശ ലംഘനമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.

അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കി.

അതേസമയം സുരേന്ദ്രന്‍ ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.

Follow Us:
Download App:
  • android
  • ios