Asianet News MalayalamAsianet News Malayalam

ഇത് സിപിഎം നടപ്പാക്കിയ ആസൂത്രിത കൊലപാതകം; ആരോപണവുമായി ചെന്നിത്തല

ഇത് സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്ന് ആരോപിച്ച ചെന്നിത്തല അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പൊലീസിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. 

kasargode double murder well planned brutality by cpm accuses ramesh chennithala
Author
Kasaragod, First Published Feb 17, 2019, 10:38 PM IST

കാസ‌ർ​ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ തണലിൽ പാ‍‌‌ർട്ടി ഗുണ്ടകളെ ഉപയോഗിച്ച്  സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ആക്രമണമെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപകമായി ആക്രമണങ്ങൾ അഴിച്ച്  വിടുകയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.

 

ഇരട്ടക്കൊലപാതകത്തിൽ സിപിഎം മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. പൈശാചികമായ കൊലപാതകമാണ് നടന്നതെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും അക്രമസംഭവങ്ങൾ അവസാനിപ്പിച്ച് ആയുധം താഴെ വക്കാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 

പ്രവർത്തകരെ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണൂർ മോഡൽ കൊലപാതകമാണ് നടന്നതെന്നും കാസർഗോഡ് ഡിസിസി പ്രസിഡന്‍റ്  ഹക്കീം കുന്നിൽ പ്രതികരിച്ചു. 

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം ഇവരെ തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ നാളെ പ്രതിപക്ഷ നേതാവ് സന്ദ‌‌ർശിക്കും. 

രക്തത്തിന്‍റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണ്ണരൂപം :

രക്തത്തിന്‍റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നത് . കാസർഗോഡ് 19 വയസുള്ള കൃപേഷിനേയും 21 വയസുകാരനായ ശരത് ലാലിനെയും വെട്ടികൊന്ന സിപിഎം ചോരക്കളി അവസാനിപ്പിക്കുന്നതേയില്ല. ജനാധിപത്യ ക്രമത്തിൽ എങ്ങനെ പെരുമാറണമെന്ന് പോലും ഇവർക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞപ്പോഴാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കിയത്. ഞാൻ നാളെ കാസർഗോഡ് സന്ദർശിക്കും

 

 

Follow Us:
Download App:
  • android
  • ios