Asianet News MalayalamAsianet News Malayalam

കത്വ ബലാത്സംഗക്കേസ്; വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം

  • ഇതാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
kathua case supreme court today

ദില്ലി: ജമ്മു കശ്‍മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ്  നീക്കം.

കേസ് അന്വേഷണം നിഷ്പക്ഷമായി നടക്കണമെങ്കില്‍ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാണ്  ആവശ്യം. ബാര്‍ കൗണ്‍സില്‍ നിയോഗിച്ച അഞ്ചംഗ അഭിഭാഷക സംഘം കത്വയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും. അതിനിടെ വിഷയത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മൗനം തുടരുകയാണ്. പ്രതികള്‍ക്കു വേണ്ടി പ്രതിഷേധം നടത്തിയ ബിജെപി മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ്  ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ പിന്തുണച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ പറഞ്ഞിരുന്നു.
 

Follow Us:
Download App:
  • android
  • ios