Asianet News MalayalamAsianet News Malayalam

കാവേരി; തമിഴ്‍നാട്ടിലെ ബന്ദ് ഭാഗികം

Kaveri issue
Author
First Published Sep 16, 2016, 10:36 AM IST

ചെന്നൈ: കാവേരീനദീജലപ്രശ്നത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ വിവിധ കർഷക, വ്യാപാരസംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഭാഗികം. എന്നാൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധപ്രകടനങ്ങളിൽ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ, ഡിഎംകെ എം പി കനിമൊഴി, എംഡിഎംകെ നേതാവ് വൈകോ എന്നിവരുൾപ്പടെ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ചെന്നൈയിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

ചെന്നൈ എഗ്മൂർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിയ്ക്കവെയാണ് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും എം പി കനിമൊഴിയുമുൾപ്പടെ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. തിരുച്ചിറപ്പള്ളി റെയിൽവേസ്റ്റേഷനിൽ ട്രെയിൻ തടയാനെത്തിയ എംഡിഎംകെ നേതാവ് വൈകോയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ ബേസിൻ ബ്രിഡ്ജിന് കീഴെ പ്രതിഷേധിച്ച വിസികെ നേതാവ് തോൽ തിരുമാവലവനും അറസ്റ്റ് ചെയ്യപ്പെട്ടു. കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ ബസ്സ് തടഞ്ഞ തമിഴ്സംഘടനകൾ രണ്ട് പോണ്ടിച്ചേരി സർക്കാർ ബസ്സുകളുടെ ചില്ലുകൾ തല്ലിത്തകർത്തു.

സേലത്തും നാമക്കലിലും കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ തമിഴ്നാട് പൊലീസ് താൽക്കാലിക തമിഴ്നാട് രജിസ്ട്രേഷനുള്ള നമ്പർ പ്ലേറ്റുകൾ നൽകി. അന്തർസംസ്ഥാനബസ്സുകൾക്കും അർദ്ധരാത്രിയ്ക്ക് മുൻപ് പുറപ്പെട്ട ചരക്കു ലോറികൾക്കും സംരക്ഷണം ഉറപ്പാക്കാൻ കേരള തമിഴ്നാട് അതിർത്തിയിൽ വൻസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. തമിഴ്നാട്ടിൽ ചലച്ചിത്രസംഘടനകളും ചിത്രീകരണം നിർത്തിവെച്ച് ബന്ദിൽ പങ്കുചേർന്നു. ഇതിനിടെ ഇന്നലെ ചെന്നൈയിൽ നടന്ന നാം തമിഴർ കക്ഷിയുടെ പ്രതിഷേധയോഗത്തിൽ വെച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച തഞ്ചാവൂർ സ്വദേശി വിഘ്നേഷ് മരിച്ചു.

കർണാടകത്തിൽ നിന്ന് വെള്ളം വിട്ടുകിട്ടിയതിനെത്തുടർന്ന് കാവേരി നദിയിലുള്ള മേട്ടൂർ അണക്കെട്ടിൽ നിന്ന് ഈ മാസം 20 മുതൽ വെള്ളം തുറന്നുവിടാൻ ജയലളിത ഉത്തരവിട്ടു. അതേസമയം, കാവേരീനദീതടജില്ലയായ മാണ്ഡ്യയിൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ ഇന്നും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

 

Follow Us:
Download App:
  • android
  • ios