Asianet News MalayalamAsianet News Malayalam

ആഡംബരം കാണിക്കാന്‍ അനാഥാലയങ്ങളിലേക്ക് ആഘോഷിക്കാന്‍ പോകുന്നത് ക്രൂരത; വൈറലായി ഒരു പിതാവിന്റെ കുറിപ്പ്

അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികൾക്കായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക. നമ്മുടെ കുട്ടികൾക്ക് കിട്ടുന്നതും, അവർക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങൾ, അനുഭവങ്ങൾ, സ്നേഹം, സൗഹൃദം എന്നിവ സമ്മാനിക്കുക. 

keep these things in mind while celebrating occasions in orphanages parents facebook note went viral
Author
Thiruvananthapuram, First Published Jan 12, 2019, 9:33 PM IST

ആഘോഷങ്ങള്‍ വ്യത്യസ്തമാകാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരാണ് നമ്മളില്‍ പലരും. കുട്ടികളുടെ ജന്മദിനം മുതല്‍ വിവാഹം  പോലുള്ള അവസരങ്ങളില്‍ ആഡംബരം കാണിക്കാന്‍ ഫേസ്ബുക്ക് ലൈവും സമൂഹമാധ്യമങ്ങളിലെ പ്രചരണവുമായി അനാഥാലയങ്ങളിലേക്ക് ആഘോഷങ്ങള്‍ പറിച്ച് നടുന്ന പ്രവണത അടുത്തിടെ വന്‍ തോതില്‍ കാണാന്‍ കഴിയും. ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ അനാഥാലയങ്ങളിലെ അന്തേവാസികളുടെ മനോനില എന്താണെന്ന് പലരും ചിന്തിക്കാറില്ല. ആഡംബരം മാത്രം കാണിക്കാന്‍ വേണ്ടി  ആഘോഷങ്ങള്‍ നടത്തുന്നവര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് തുറന്ന് കാണിച്ച് ഒരു പിതാവിന്റെ കുറിപ്പ്. 

സിബി ഗോപാലകൃഷ്ണന്‍ എന്ന പിതാവിന്റേതാണ് കുറിപ്പ്. അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികൾക്കായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക. നമ്മുടെ കുട്ടികൾക്ക് കിട്ടുന്നതും, അവർക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങൾ, അനുഭവങ്ങൾ, സ്നേഹം, സൗഹൃദം എന്നിവ സമ്മാനിക്കുക. അവരെ പാർക്കിൽ കൊണ്ട് പോകാം. ബീച്ചിൽ അല്ലെങ്കിൽ ഒരു സിനിമയ്ക്കോ, ഭക്ഷണത്തിനോ. പക്ഷെ അവരുടെ മുന്നിൽ ചെന്നു കുടുംബസമേതമുള്ള നമ്മുടെ ആഘോഷങ്ങൾക്ക് അവരെ കാഴ്ചക്കാരാക്കരുതെന്ന് സിബി  ആവശ്യപ്പെടുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് ഞങ്ങളുടെ മകൻ ഒമാറിന്റെ മൂന്നാമത്തെ ജന്മദിനമാണ്.

ഏതൊരു മാതാപിതാക്കളെയും പോലെ, മകന്റെ ആദ്യ ജന്മദിനം, സുഹൃത്തുക്കളേയും സഹപ്രവർത്തരെയുമൊക്കെ വിളിച്ചുകൂട്ടി, ആഘോഷമായി നടത്തണമെന്നതായിരുന്നു ഞങ്ങളുടെയും ആഗ്രഹം. അമ്മയുടെ ആകസ്മിക വേർപാടിൽ അത്തരമൊരു പരിപാടിക്കുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ. എന്നാലും ഏകമകന്റെ ആദ്യ പിറന്നാളിൽ, വ്യത്യസ്തമായും മാതൃകാപരമായും, എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തീവ്രമായി വളർന്നു കൊണ്ടിരുന്നു. സാധാണയായി വൃദ്ധസദനങ്ങളിലേക്ക് എന്തെങ്കിലും സംഭാവന, അല്ലെങ്കിൽ, അനാഥാലയങ്ങളിലേയ്ക്ക് ഒരു സംഭാവന, അങ്ങനെ പലതിലും മനസ്സുടക്കി . അപ്പോഴാണ് ഒരു സുഹൃത്ത്,വിവിധ പ്രായക്കാരായ ഏകദേശം ഇരുപത്തി അഞ്ചു കുട്ടികൾ താമസിക്കുന്ന, ഒരു അനാഥാലയത്തെക്കുറിച്ചു പറഞ്ഞത്. അവിടെ ഫോൺ ചെയ്‌തു ചോദിച്ചപ്പോൾ, മകന്റെ ജന്മദിനം വരുന്ന വാരാന്ത്യത്തിൽ അവർക്ക് വേറെ പരിപാടികൾ ഒന്നും തന്നെയില്ല. അതുകൊണ്ടുമകന്റെ ജന്മദിനം അവിട ആഘോഷിക്കുന്നതിൽ അവർക്ക് സന്തോഷമേയുള്ളൂ എന്ന് അറിയിച്ചു .പലരും അങ്ങനെ ചെയാറുണ്ടത്രേ. അപ്പോൾ ഞാൻ പോലും അറിയാതെ,എന്നിൽ നിന്നൊരു ചോദ്യം പുറത്തേക്ക് ചാടി ! ആഘോഷം കഴിഞ്ഞു,കുട്ടികളും മാതാപിതാക്കളും ഒക്കെ മടങ്ങിക്കഴിയുമ്പോൾ, എങ്ങനെയാണ് ഈ കുട്ടികൾ പ്രതികരിക്കുന്നത്?...ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് എനിക്ക് അപ്പോൾ ലഭിച്ചത്..കുട്ടികൾക്ക് പലർക്കും വല്ലാത്ത വിഷമമാണ് ...അല്പം മുതിന്നവർക്കാണ് കൂടുതൽ സങ്കടം. വളരെ നിർബന്ധിച്ചാണ്, അവരെ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുന്നത്. വല്ലാതെ സങ്കടപ്പെടുത്തുന്നതായിരുന്നു ആ മറുപടി. അച്ഛനും അമ്മയും ഇല്ലാതെ അനാഥരായി വളരുന്ന, ഒരു ജന്മദിനത്തിനു പോലും ബന്ധുക്കളാരുമെത്താനില്ലാത്ത കുരുന്നുകളുടെ മുന്നിൽ നിന്ന്, സകുടുംബം ആഘോഷപ്പൂർവ്വം കേക്ക് മുറിക്കുന്നതിലെ അശ്ലീലം! അതവരിൽ ഉണ്ടാക്കിയേക്കാവുന്ന നഷ്ടബോധം, ആലോചിക്കുന്തോറും, തൊണ്ടയിലൊരു വേദനയായി പിടിമുറുക്കി..അതിനെ മറികടക്കാൻ, അങ്ങനെയൊരു സാഹചര്യമൊഴിവാക്കുകയല്ലാതെ, മറ്റൊന്നും തന്നെയറിയില്ലായിരുന്നു.

പിന്നീടുള്ള ചിന്ത, ഈ കുട്ടികൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും ?എന്നതായിരുന്നു..വീണ്ടും അനാഥാലയത്തിന്റെ ചുമതല വഹിക്കുന്ന സിസ്റ്ററിനെ വിളിച്ചപ്പോൾ, അവർ നിർദ്ദേശിച്ചത്, താല്പര്യമുണ്ടെങ്കിൽ ഒരു തുക സംഭാവന ചെയ്യാമെന്നതായിരുന്നു. ഞാൻ കൊടുക്കുന്ന സംഭാവന കൊണ്ട് , അവർക്കു വേണ്ടി,എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യാമോ എന്ന എന്റെ ചോദ്യത്തിന്, അത് സാധ്യമല്ല എന്നായിരുന്നു മറുപടി. എന്റെ സംഭാവന പോകുന്നത് ഒരു ജനറൽ ഫണ്ടിലേക്കാണ്,. സ്ഥാപനത്തിന്റെ നടത്തിപ്പിനാണ് ആ തുക ഉപയോഗിക്കുക. ഞാൻ ആ കുട്ടികളെ പുറത്തുകൊണ്ടു പോയാലോ എന്ന ചോദ്യത്തിന്, അവരിങ്ങനെയാണ് മറുപടി പറഞ്ഞത്. നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ, നിങ്ങൾക്കു അവരോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരു സ്ഥാപനത്തിന് അതിന്റേതായ പരിമിതികളുണ്ട് .ഈ കുട്ടികളെ ഒരു Fine-DIne റസ്റ്റോറന്റിൽ കൊണ്ട് പോകാൻ ഞങ്ങൾക്ക് അനുമതിയില്ല. പക്ഷെ നിങ്ങൾ അങ്ങനെ ചെയ്യുകയായാണെങ്കിൽ അതാണുചിതം .അവർക്കും അതായിരിക്കും കൂടുതൽ സന്തോഷം നൽകുക . ആ കുട്ടികൾക്കു,ഒരു നല്ല അനുഭവം സമ്മാനിക്കുക എന്നതായിരുന്നു,എന്റെ തീരുമാനം. ഒന്ന് രണ്ടു സ്ഥലങ്ങളിൽ വിളിച്ചു ചോദിച്ചപ്പോൾ 25 കുട്ടികൾ ഉള്ള ഗ്രൂപ്പെന്ന് കേട്ടപ്പോൾ അവർക്കു പേടി..കുട്ടികൾ ബഹളം ഉണ്ടാക്കി, മറ്റു അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലോയെന്ന്? പിന്നെ താമസിച്ചില്ല, സുഹൃത്തും Spice Of India St Lucia റസ്റ്ററന്റ് ഉടമയുമായ Adil Sherwani യെ വിളിച്ചു.. അദ്ദേഹം പറഞ്ഞു നിങ്ങൾ ധൈര്യമായി പോരെ. കുട്ടികളും അവരുടെ മെനുവും ഒന്നും ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. പിന്നെയുള്ള ജോലി കേക്ക് ഓർഡർ ചെയ്യുകയെന്നതായിരുന്നു .ഒന്നും എഴുതാതെ ഒരു വലിയ കേക്ക് വേണമെന്ന് പറഞ്ഞപ്പോൾ അവർക്കു അത്ഭുതം. അങ്ങനെ ആ ദിവസമെത്തി. വളരെ മനോഹരമായി ഡ്രസ്സ് ചെയ്തു,ഒരു fine-dine ഭക്ഷണശാലയിൽ പോകുന്ന ഗൗരവത്തിലും,എന്നാൽ സന്തോഷത്തിലും വന്ന രണ്ടു വയസു മുതൽ 11 വയസ്സുവരെ പ്രായമുള്ള 22 കുട്ടികളും,ഹോളി ഫാമിലി ചിൽഡ്രൻസ് ഹോമിലെ അഡ്മിൻ ആയ കന്യാസ്ത്രീയും അവിടത്തെ ആയയും. ഞാനും ഭാര്യയും ആതിഥേയരായി, കൂടെ എന്റെ സുഹൃത്തും (Akhil Nanmana). ഓരോ കുട്ടികളോടും പറഞ്ഞത് അവർക്കിഷ്ടമുള്ളതെന്തും കഴിക്കാം,അവിടെ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലായെന്നും,. അവർക്ക് എന്ത് ആഗ്രഹമുണ്ടോ, എത്ര ആവശ്യമുണ്ടോ അതെല്ലാം ഓർഡർ ചെയ്യാമെന്നുമാണ് വ്യത്യസ്ഥങ്ങളായ സ്വാദിഷ്ടമായ ഭകഷണം.. പ്രായത്തിനേക്കാൾ പക്വതയോടുകൂടി പെരുമാറിയ കുട്ടികൾ എന്തും കഴിക്കാം എത്രയും കഴിക്കാം എന്നുള്ള പ്രലോഭനങ്ങളിൽ, സ്വീകരിച്ചത് ഐസ് ക്രീമിന്റെ ഓഫർ മാത്രം.

മകൻ അവരിലൊരാളായി,ആരും ബർത്ഡേ ഗാനം പാടിയില്ല, പാട്ടിന്റെ അകമ്പടിയില്ലാതെ ഞങ്ങളുടെ മകൻ ആ കേക്ക് മുറിക്കുമ്പോൾ....അവന്റെ ആദ്യത്തെ ബർത്ഡേ മറക്കാനാകാത്ത അനുഭവമായി! എല്ലാ കുട്ടികളോടും ഞങ്ങൾ സംസാരിച്ചു എല്ലാവർക്കും ഓരോ ടീ ഷർട്ടുകളും സമ്മാനമായി നൽകി. ഡിന്നർ സന്തോഷകരമായി അവസാനിച്ചു,അവരെ യാത്രയാക്കി കഴിഞ്ഞു ബില്ല് ചോദിച്ചപ്പോഴാണ് അടുത്ത സർപ്രൈസ്. തുക ഞാൻ പ്രതീക്ഷിച്ചത്തിന്റെ മൂന്നിൽ ഒന്ന് മാത്രം..മുതിർന്നവരുടെ ബില്ല് മാത്രമേ ഇട്ടിട്ടുള്ളൂ..കുട്ടികളുടെ ബില്ല് ഇടാൻ തോന്നിയില്ല എന്നായിരുന്നു അവരുടെ മറുപടി! വളരെ നിർബന്ധിച്ചിട്ടും അവർ ബില്ലിടാൻ തയ്യാറായില്ല.ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തായതു കൊണ്ടല്ല..ആ കുട്ടികൾ അനുഭവിച്ച സന്തോഷം കണ്ടപ്പോൾ, ഒരു പരിചയവും ബന്ധവും ഇല്ലാത്ത കുറച്ചു കുട്ടികൾക്ക് നല്ലൊരു അനുഭവം കൊടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ അദ്ദേഹവും പങ്കാളി ആകുകയാണ് ചെയ്തത്. ഇനിയുംആ കുട്ടികളെയും കൊണ്ട് വരണമെന്നും,അവരുടെ സന്തോഷത്തിൽ പങ്കു ചേരാനുള്ള അവസരമൊരുക്കണമെന്നു മാത്രമാണ്,അദ്ദേഹം പറഞ്ഞത്.

അനാഥരോ, പാവപ്പെട്ടതോ ആയ കുട്ടികൾക്കായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അവരോടൊപ്പം അവരിലൊരാളായി, അവരുടേതായി അല്പസമയം കണ്ടെത്തുക.നമ്മുടെ കുട്ടികൾക്ക് കിട്ടുന്നതും, അവർക്കു കിട്ടാതെ പോകുന്നതുമായ സന്തോഷങ്ങൾ, അനുഭവങ്ങൾ,സ്നേഹം,സൗഹൃദം എന്നിവ സമ്മാനിക്കുക .അവരെ പാർക്കിൽ കൊണ്ട് പോകാം..ബീച്ചിൽ അല്ലെങ്കിൽ ഒരു സിനിമയ്ക്കോ,ഭക്ഷണത്തിനോ ..പക്ഷെ അവരുടെ മുന്നിൽ ചെന്നു, കുടുംബസമേതമുള്ള നമ്മുടെ ആഘോഷങ്ങൾക്ക്,അവരെ കാഴ്ചക്കാരാക്കരുത്.

അനുഭവത്തിൽ നിന്നുണ്ടായ തിരിച്ചറിവ് പങ്കിട്ടെന്ന് മാത്രം.

Follow Us:
Download App:
  • android
  • ios