Asianet News MalayalamAsianet News Malayalam

സുധീരന്‍റെ രാജി; നേതാക്കളുടെ പ്രതികരണങ്ങള്‍

Kerala Congress Chief VM Sudheeran Quits As Faction Fight Rages On
Author
First Published Mar 10, 2017, 8:42 AM IST

ദില്ലി: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തു നിന്നുള്ള വി.എം സുധീരന്‍റെ രാജി അപ്രതീക്ഷിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നഷ്ടമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 

സുധീരന്റെ രാജി തികച്ചും അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.  താന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നതിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ഫോണിലൂടെ തന്നോട് രാജി തീരുമാനം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

രമേശ് ചെന്നിത്തല തന്നെ വിളിക്കുമ്പോഴാണ് സുധീരന്റെ രാജിക്കാര്യം താന്‍ അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തിലൊരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു. താന്‍ ഔദ്യോഗിക സ്ഥാനത്തേക്ക് വരില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അപ്രതീക്ഷിതവും അവിശ്വസനീയവുമാണ് സുധീരന്‍റെ രാജിയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഉപദ്ധ്യക്ഷന്‍ വിഡി സതീഷന്‍ പ്രതികരിച്ചു. പലനേതാക്കളും ഇന്ദിരഭവനിലേക്ക് ഒഴുകുകയാണ്. സുധീരൻ രാജിവച്ചതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios