Asianet News MalayalamAsianet News Malayalam

കേരള പുനര്‍നിര്‍മ്മാണം; കെപിഎംജിയ്ക്ക് ചുമതല, ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്

കേരള പുനര്‍നിര്‍മാണത്തില്‍ കെപിഎംജിക്കുളളത് വിപുലമായ ചുമതലകള്‍. പങ്കാളികളായ എജൻസികളെ കണ്ടെത്തണം. തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾത്തായി പുതിയ പദ്ധതിരേഖ തയ്യാറാക്കണ്ട ചുമതലയും കെപിഎംജിക്ക് സർക്കാർ നല്‍കിയിട്ടുണ്ട്.

Kerala Punarnirmanam KPMG is responsible
Author
Thiruvananthapuram, First Published Oct 3, 2018, 10:45 AM IST

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കെപിഎംജിക്ക് വിപുലമായ ചുമതലകള്‍. 
പുനര്‍നിര്‍‌മ്മാണ പദ്ധതിക്ക് പങ്കാളികളായ മറ്റ് എജൻസികളെ കണ്ടെത്തുന്നത് മുതലുള്ള എല്ലാ പ്രധാനപ്പെട്ട ചുമതലകളും കെപിഎംജിക്കാണ്. തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ക്ക് പുതിയ പദ്ധതിരേഖ തയ്യാറാക്കേണ്ട ചുമതലയും കെപിഎംജിക്കാണ് സർക്കാർ നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

സൗജന്യ സേവനം നൽകുന്ന വെറുമൊരു കൺസൽട്ടൻറ് മാത്രമാണോ കെപിഎംജി എന്നായിരുന്നു പ്രധാന ചോദ്യം. തെരഞ്ഞെടുത്ത രീതിയുടെ മാനദണ്ഡം ഇതുവരെ സർക്കാർ വെളിപ്പെടുത്താതിരിക്കെ കമ്പനിയെ നിയമിച്ചുള്ള ഉത്തരവിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വമേത്ത സെപ്റ്റംബര്‍ അഞ്ചിനിറക്കിയ ഉത്തരവില്‍ കെപിഎംജി ഇന്ത്യയുടെ പങ്ക് അക്കമിട്ട് പറയുന്നുണ്ട്. പാ‍‍‍ർട്ണര്‍  കണ്‍സള്‍ട്ടന്‍റ് എന്ന നിലയില്‍ കേരള പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കു‍ക കെപിഎംജി ആയിരിക്കും. പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായ മറ്റു കമ്പനികളെ കണ്ടെത്തുക, അവര്‍ക്ക ചുമതലകള്‍ വീതിച്ചു നല്‍കുക, ടേംസ് ഓഫ് റഫറന്‍സിന് രൂപം നല്കുക, കമ്പനികളുടെ പ്രവർത്തനം വിലയിരുത്താനുളള മാർഗ്ഗരേഖ തയ്യാറാക്കുക എന്നീ ചുമതലകളും കെപിഎംജിക്കാണ്.

പ്രളയ മേഖലകളിലെ പുനര്‍നിര്‍മ്മാണത്തിന് പുറമെ നവകേരള നിര്‍മ്മിതിക്കുളള ബ്രഹത് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുന്നതും കെപിഎംജി തന്നെ. തിരുവനന്തപുരത്തിനും കൊച്ചിക്കും കോഴിക്കോടിനുമായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുക, പാരിസ്ഥിതിക സവിശേഷതകള്‍ പരിഗണിച്ച് വികസന മാതൃകകള്‍ തയ്യാറാക്കുക എന്നിവയുടെയും ഉത്തരവാദിത്വം കെപിഎംജിയാകും. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാനായി  കെപിഎംജി തെരഞ്ഞെടുക്കപ്പെട്ട മാനദണ്ഡം എന്തെന്ന് ഉത്തരവില്‍ വ്യക്തമല്ല. 

കെപിഎംജി ഇന്ത്യ ചെയര്‍മാനും സിഇഓയുമായ അരുണ്‍ എം കുമാര്‍ പുനർനിർമ്മാണത്തിന്‍റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചെന്നും അങ്ങനെ ഈ ചുമതല കെപിഎംജിക്ക് നല്‍കിയെന്നും മാത്രമാണ് വിശ്വാസ മേത്തയുടെ ഉത്തരവിലുളളത്. 

ആസൂത്രണ ബോർ‍‍ഡ് അടക്കമുളള ഏജന്‍സികള്‍ പുനര്‍നിർമ്മാണം സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചർച്ച നടത്തുന്ന ഘട്ടത്തില്‍ തന്നെയാണ് രൂപകല്‍പ്പനയുടെ പൂർണ്ണ ചുമതല സര്‍ക്കാര്‍ കെപിഎംജിയെ ഏല്‍പ്പിക്കുന്നത്. പാർട്ടണര്‍ കണ്‍സള്‍ട്ടന്‍റ് എന്ന നിലയില്‍ കെപിഎംജിയുടെ സേവനം സൗജന്യമെന്ന് ഉത്തരവിലുണ്ടെങ്കിലും കരാര്‍ എത്ര കാലത്തേക്കെന്നോ വ്യവസ്ഥകള്‍ എന്തെല്ലാമെന്നോ വ്യക്തമല്ല. 

Follow Us:
Download App:
  • android
  • ios