Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളം സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കെതിരെ തമിഴ്നാട് രംഗത്ത് വന്നിട്ടുണ്ട്

kerala should push tamilnadu for build new dam in mullaperiyar says protesters
Author
Idukki, First Published Oct 25, 2018, 8:48 AM IST

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ കേരളം തമിഴ്നാടിൽ സമ്മർദ്ദം ചെലുത്തണമെന്ന് മുല്ലപ്പെരിയാർ സമരസമിതി.ജനങ്ങളുടെ ജീവൻവച്ച് ഇനിയും പന്താടാൻ പറ്റില്ലെന്നും സംസ്ഥാനം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

2013ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സമാന അനുമതി ലഭിച്ചപ്പോൾ കേരളത്തിന് അത് പ്രയോജനപ്പെടുത്താനായില്ല. തമിഴ്നാടിന്റെ പിടിവാശിക്ക് മുന്നിൽ കേരളം മുട്ടുമടക്കി. ഇത്തവണ അത് ഉണ്ടാവരുതെന്നാണ് മുല്ലപ്പെരിയാർ സമരസമിതിയുടെ ആവശ്യം.

ഡാം തുറന്നുവിട്ടപ്പോഴുണ്ടായ ദുരിതത്തിൽ നിന്ന് തീരദേശവാസികൾ ഇപ്പോഴും കരകയറിയിട്ടില്ല. ഓരോ മഴയേയും ഭീതിയോടെയാണ് അവർ കാണുന്നത്. ജനങ്ങളുടെ ആശങ്ക സംസ്ഥാന സർക്കാർ കാണണമെന്നും സമരസമിതി അഭ്യർത്ഥിച്ചു. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് ഉടൻ തന്നെ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകുമെന്നും സമരസമിതി നേതാവ് ഷാജി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കെതിരെ തമിഴ്നാട് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ ഇടപെണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

2014ലെ സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേജ് വരുന്ന കത്ത് തമിഴ്നാട് മുഖ്യമന്ത്രി അയച്ചിരിക്കുന്നത്. പുതിയ ഡാം നിര്‍മിക്കണമെങ്കില്‍ കേരളവും തമിഴ്നാടും അംഗീകരിക്കണമെന്നുള്ള വിധിയാണ് പളനിസ്വാമി എടുത്ത് പറയുന്നത്.

പുതിയ ഡാം നിര്‍മിക്കുന്നതിന് ഇപ്പോള്‍ കേരളത്തിന്‍റെ മാത്രം അനുമതിയാണുള്ളതെന്നും തമിഴ്നാട് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡാം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കവും അതിനെ അംഗീകരിക്കുന്ന രീതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനവും സുപ്രീം കോടതി വിധിക്ക് എതിരാണ്.

പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുള്ള ആവശ്യവുമായി സെപ്റ്റംബര്‍ 27നാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. തുടര്‍ന്ന് 663 കോടി ചെലവില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള നിര്‍ദേശം അംഗീകരിക്കുകയും സാധ്യതാ പഠനം നടത്താനുള്ള അനുമതി നല്‍കുകയുമായിരുന്നു.

മുന്‍പ് ഇതേപോലെ കേരളം നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കത്ത് പരിഗണിച്ച് ആവശ്യം നിരാകരിച്ച കാര്യവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios