Asianet News MalayalamAsianet News Malayalam

ശബരിമല: ചെന്നിത്തലയുടെ നിലപാട് സോണിയാ ഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

kodiyeri balakrishnan against chennithala and bjp on  sabarimala issue
Author
Thiruvananthapuram, First Published Jan 4, 2019, 6:37 PM IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ശബരിമല വിഷയത്തില്‍ ഹൈക്കമാന്‍റിന്‍റെ നിലപാട് തള്ളിയാണ്  രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നത്. പുതിയൊരു കേരള കോൺഗ്രസിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 

സോണിയ ഗാന്ധിയുടെ നിലപാട് കെപിസിസിയുടെ ശബരിമല നിലപാടിനെതിരാണ്. ഇത് സ്വാഗതാര്‍ഹമാണെന്ന് കോടിയേരി പറഞ്ഞു.  അതേസമയം ശബരിമലയില്‍ വിശ്വസികളായസ്ത്രീകള്‍ക്ക് കയറാമെന്ന വി മുരളീധരന്‍റെ പ്രസ്താവന ബിജെപിക്കേറ്റ തിരിച്ചടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാൻ ബിജെപി- ആര്‍എസ്എസ് ശ്രമം നടത്തുകയാണ്. ശബരിമലയെ തകർക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

ഉത്തരേന്ത്യയിൽ നുണകൾ പ്രചരിപ്പിക്കാൻ ആര്‍എസ്എസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു. കേരളത്തിൽ നവോത്ഥാന മൂല്യങ്ങൾ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഉയർത്തി പിടിച്ചു. അതുകൊണ്ടാണ് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത്. കേരളത്തിൽ നടക്കുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും  യുഡിഎഫും തയ്യാറായില്ല.  ഇത് രാഷ്ട്രീയ അപചയം ആണ്. ഓർഡിനൻസിനായി പ്രധാനമന്ത്രിയെ യുഡിഎഫ് എംപിമാര്‍  കാണുന്നത് ആര്‍എസ്എസിനെ സഹായിക്കാനാണ്. വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ലീഗും കോൺഗ്രസും ബിജെപിയും ഒരുമിക്കുന്നു. 

രണ്ടാം വിമോചന സമരത്തെ എന്‍എസ്എസ് അംഗീകരിക്കില്ല. എന്‍എസ്എസിന്‍റെ  നിലപാടുകൾ താൽക്കാലികമാണ്.  അത് സ്ഥിരമായി നിൽക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ജാതിപറഞ്ഞ് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണ്. ജാതീയമായ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ അത് കേരളത്തിൽ നടക്കില്ല എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വനിതാ മതിൽ വൻ വിജയമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.  സാധാരണ എല്‍ഡിഎഫ് പരിപാടിയിൽ പങ്കെടുക്കാത്തവർ  വരെ വനിതാ മതിലിൽ പങ്കെടുത്തു.  നായർ സമുദായ അംഗങ്ങളും ന്യൂനപക്ഷ സമുദായ അംഗങ്ങളും ധാരാളമായി പങ്കെടുത്തുവെന്നാണ് ജില്ലകളുടെ റിപ്പോർട്ട്. ഇപ്പോള്‍ രൂപീകരിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമതി വിപുലീകരിക്കും. കൂടുതൽ സംഘടനകൾ വരാനായി സർക്കാർ മുൻകൈയെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios