Asianet News MalayalamAsianet News Malayalam

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് സേനയെക്കുറിച്ച് ധാരണയില്ല'; ആരോപണങ്ങള്‍ തള്ളി കോഴിക്കോട് സിറ്റി പൊലീസ് മേധാവി

സേനയില്‍ ജോലി ചെയ്ത് പരിചയക്കുറവ് ആ ഉദ്യോഗസ്ഥന് ഉണ്ടെന്ന് കാളിരാജ് മഹേഷ്‍കുമാര്‍  പറയുന്നു. പൊലീസിങ്ങിനെക്കുറിച്ച് ആ ഉദ്യോഗസ്ഥന് അറിയില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാളിരാജ് മഹേഷ്‍കുമാര്‍

Kozhikode city police commissioner against police officer allegation in dealing rss in sm street
Author
Kozhikode, First Published Jan 6, 2019, 8:59 PM IST

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന്  മിഠായി തെരുവില്‍ സംഘപരിവാറിനെ നേരിടുന്നതിലുണ്ടായ പരാജയത്തിന് ജില്ലാപൊലീസ് മേധാവിയെ പഴിച്ച പൊലീസുകാരനെ തള്ളി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‍കുമാര്‍. കാര്യങ്ങളെക്കുറിച്ചുള്ള ധാരണക്കുറവാണ് ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെ  ഫേസ്ബുക്ക് കുറിപ്പിടാന്‍ പ്രേരിപ്പിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ചെറുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നാല്‍പതംഗ സംഘത്തെ മിഠായിത്തെരുവില്‍ വിന്യസിച്ചിരുന്നുവെന്നും കാളിരാജ് മഹേഷ്‍കുമാര്‍ വിശദമാക്കി.

അത്യാവശ്യ ഘട്ടങ്ങളിലാണ് ക്രൈം ബ്രാഞ്ചില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സേവനം സേനയില്‍ ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ സ്ഥിരമായുള്ള നടപടി ക്രമീകരണങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ കടുത്ത ആരോപണം ഉയര്‍ത്തിയ പൊലീസുകാരന് കൃത്യമായ ധാരണയുണ്ടാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെയും പ്രകടനം നടക്കുന്ന സമയത്തും സ്ഥലത്ത് താനുണ്ടായിരുന്നു. കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വലിയ സംഘര്‍ഷം ഉണ്ടാകാതിരുന്നതിന് പിന്നിലെന്നും അദ്ദേഹം വിശദമാക്കി. വലിയ രീതിയിലേക്ക് പോവുമായിരുന്ന സംഘര്‍ഷത്തെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് പൊലീസിന്റെ ഇടപെടല്‍ മൂലമാണ്. മറിച്ചുള്ള ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിന്റെ സ്കെച്ചും ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നെന്നും അദ്ദേഹം വിശദമാക്കി. 

ഫേസ്ബുക്ക് കുറിപ്പിട്ട ഉദ്യോഗസ്ഥന് സംഭവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് കുറിപ്പില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയില്‍ ജോലി ചെയ്ത് പരിചയക്കുറവ് ആ ഉദ്യോഗസ്ഥന് ഉണ്ടെന്ന് കാളിരാജ് മഹേഷ്‍കുമാര്‍  പറയുന്നു. പൊലീസിങ്ങിനെക്കുറിച്ച് ആ ഉദ്യോഗസ്ഥന് അറിയില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞപ്പോള്‍ വാഗ്ദാനം ചെയ്ത സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നും അക്രമം ഉണ്ടാവാന്‍ കാരണം സിറ്റി പോലീസ് കമ്മീഷണറാണെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാളിരാജ് മഹേഷ്‍കുമാറിന്റെ പ്രതികരണം. 

Read more 

'അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്നറിയില്ലേ'; മിഠായിതെരുവിലെ പരാജയത്തിന് ജില്ലാ പൊലീസ് മേധാവിയെ പഴിച്ച് പൊലീസുകാരന്‍

Follow Us:
Download App:
  • android
  • ios